പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബി.എസ്.എൻ.എൽ റോഡിൽ മാങ്ങാട് ഹൗസിൽ ജീജ ഭായിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിക്കാൻ എത്തിയ വിരുതൻ സി.സി.ടി.വിയിൽ കുടുങ്ങി. ശനിയാഴ്ച പുലർച്ചെ പുലർച്ചെ 2.20 നുളള ദൃശ്യമാണ് സി.സി.ടി.വി.യിൽ കാണപ്പെട്ടത്. മുഖംമൂടിയും ആകെ മുടിയ വസ്ത്രവും ധരിച്ച് എത്തിയ സമൂഹ വിരുദ്ധന്റ ദൃശ്യം വളരെ വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ സീറ്റ് കുത്തി കീറി നശിപ്പിച്ചതിന് ശേഷം പുറത്ത് പോകുകയാണുണ്ടായത്.
ഇതേ വീട്ടിൽ ഇതേ ഇരുചക്ര വാഹനം രണ്ടു വർഷം മുമ്പ് തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നതായി വീട്ടുകാർ പറഞ്ഞു. അതോടൊപ്പം കുടുംബത്തിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഊമക്കത്തും ലഭിച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു. വളപട്ടണം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സംഘമെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു വരികയാണ്. ഇതോടൊപ്പം സമീപത്ത് ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വാഹനം നശിപ്പിക്കാൻ എത്തിയയാൾ വാഹനത്തിൽ വന്നതായാണ് സൂചന. ജീജ ഭായിയുടെ മകന്റെ ഭാര്യയാണ് വാഹനം ഉപയോഗിക്കാറുള്ളത്. വീട്ടിൽ സി.സി.ടി.വി. സ്ഥാപിച്ച കാര്യം വിരുതന് അറിയില്ലയെന്നും സൂചനയുണ്ട്.