കാസർകോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബിവറേജും അടച്ചതോടെ വ്യാജമദ്യലോബി സജീവമാകുന്നതായി സൂചന. കാസർകോട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ പി.പി ജനാർദ്ദനനും സംഘവും നടത്തിയ പരിശോധനയിൽ ബേക്കൽ മസ്തിക്കുണ്ടിൽ വച്ച് 150 ലിറ്റർ സ്പിരിറ്റും 382 ലിറ്റർ കർണ്ണാടക മദ്യവും പിടികൂടി.
കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം കുഞ്ചത്തൂരിലെ അണ്ണു എന്ന കെ. അരവിന്ദാക്ഷ (43) യെ അറസ്റ്റുചെയ്തു. പ്രതിയുടെ കൈയിൽ നിന്നും 90,000 രൂപയും മൂന്ന് മൊബൈൽ ഫോണും കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച പിക്അപ് വാഹനവും പിടിച്ചെടുത്തു. സ്‌പെഷ്യൽ സ്‌ക്വാഡ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ഇ.കെ ബിജോയ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. മനോജ്, സി. മോഹൻകുമാർ, ശൈലേഷ് കുമാർ, ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു. മദ്യം വിറ്റുകിട്ടിയ പണമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്നു വിൽപ്പനയും സജീവം
ബേക്കൽ കോട്ട പരിസരത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ചില തട്ടുകടകൾ, ആളൊഴിഞ്ഞ പറമ്പുകൾ, കടൽ തീരം എന്നിവിടങ്ങളിൽ മദ്യം, മയക്കുമരുന്ന്, പാൻമസാലകൾ എന്നിവ വിതരണം ചെയ്തു വരുന്നതായി നാട്ടുകാർ പറയുന്നു. ജീവിക്കാനായി തട്ടുകട നടത്തി ഉപജീവനം നടത്തുന്നവർക്ക് പോലും ഭീഷണിയാണ് ചില തട്ടുകടയുടെ മറവിലെ മദ്യമയക്കുമരുന്ന് വില്പനയെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരെ മാത്രം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നത്.
കാസർകോട് എക്സൈസ് സംഘം ബേക്കലിൽ നിന്നും പിടിച്ചെടുത്ത സ്പിരിറ്റും മദ്യവും പ്രതിയും