തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലം പുനർനിർണ്ണയം നടത്തിയ ശേഷം ആദ്യമായാണ് ഇടതു സ്ഥാനാർത്ഥി കാൽ ലക്ഷം വോട്ടിന് മുകളിൽ ലീഡ് നേടി വിജയിക്കുന്നത്. കഴിഞ്ഞ തവണ 16,​870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജഗോപാലൻ ജയിച്ചത്.

2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുന്നണി സമവാക്യത്തിൽ ഉണ്ടായ മാറ്റത്തോടെ മണ്ഡലത്തിലെ സോഷ്യലിസ്റ്റുകളുടെ സാന്നിദ്ധ്യം മൂലം എൽ.ജെ.ഡിയുടെ വോട്ടുകൾ രാജഗോപാലിന് അനുകൂലമായത് ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിന് ഒരു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എം. മനുവിലൂടെ പിലിക്കോട് ഡിവിഷൻ യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത് എൽ.ജെ.ഡി.സാന്നിദ്ധ്യം അറിയിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിജയം ഉറപ്പാക്കി പുറത്തിറങ്ങിയ ഇടതുപക്ഷ സ്ഥാനാർത്ഥി എം. രാജഗോപാലനെ പ്രവർത്തകർ രക്ത ഹാരമണിയിച്ച് അഭിനന്ദിച്ചു. കഴിഞ്ഞ 5 വർഷങ്ങളായുള്ള സർക്കാരിന്റെ വികസനത്തിനുള്ള അംഗീകാരമാണ് ജനം വോട്ടിലൂടെ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.