തലശ്ശേരി: കളരിമുറകളുടേയും, സർക്കസ് മെയ് വഴക്കത്തിന്റേയും ഈറ്റില്ലമായ തലശ്ശേരിയിൽ കടത്തനാടൻ പൂഴിക്കടകൻ വരെ പ്രയോഗിച്ച് വിജയം കൊയ്ത പോരാട്ട ചരിത്രമുണ്ട്. അങ്കത്തട്ടിലെ എതിരാളികളെല്ലാം ഗോദയിലിറങ്ങിയാലും, ഇടതുപക്ഷത്തിന്റെ പ്രമുഖർക്ക് കണ്ണും പൂട്ടി മത്സരിച്ച് ജയിക്കാവുന്ന മണ്ഡലം തന്നെയാണ് തലശ്ശേരിയെന്ന് അഡ്വ: എ.എൻ. ഷംസീർ ഒരു വട്ടം കൂടി തെളിയിച്ചു. ബി.ജെ.പി.ക്ക് സ്ഥാനാർത്ഥി ഇല്ലാതെ പോയതും, സി.ഒ.ടി.നസീറിന്റെ രംഗ പ്രവേശനവുമൊന്നും തലശ്ശേരിയുടെ രാഷട്രീയ ബലാബലത്തിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലും ഉണ്ടാക്കാനാവില്ലെന്നും, അദ്ദേഹം ഭൂരിപക്ഷം ഒന്നുകൂടി വർദ്ധിപ്പിച്ച് കൊണ്ട് തെളിയിച്ചു.
36,801 വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പി വോട്ടുകൾ നോട്ടക്ക് പോയതായി പറയാനാവില്ല. 2310 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലായിരുന്ന എ.പി അബ്ദുള്ളക്കുട്ടിക്ക് 36,624 വോട്ട് കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അരവിന്ദാക്ഷന് 45,009 വോട്ടുകളാക്കി ഉയർത്താനായി. എ.എൻ.ഷംസീറിന് കഴിഞ്ഞ തവണ 70,741 വോട്ടുകൾ ലഭിച്ചപ്പോൾ, ഇപ്പോഴത് 81,810 ആയി ഉയർന്നു. ബി.ജെ.പി.ക്ക് ഇവിടെ കാൽ ലക്ഷത്തോളം വോട്ടുകൾ ഉണ്ട്. ബി.ജെ.പി.വോട്ടു വേണ്ടെന്ന് പറഞ്ഞ സി.ഒ.ടി.നസീറിന് 1163 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.