കാസർകോട്: ഹെലികോപ്റ്ററിൽ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് നിലംതൊടാനായില്ല. കന്നിയങ്കം കുറിച്ച നാട്ടുകാരനായ മുസ്ലിംലീഗിലെ എ.കെ.എം അഷറഫിനോട് പരാജയപ്പെട്ടാണ് ഒരിക്കൽ കൂടി കെ. സുരേന്ദ്രന് മഞ്ചേശ്വരത്തോട് ഗുഡ്‌ബൈ പറയേണ്ടിവരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ പിരിമുറുക്കം സൃഷ്ടിച്ചു കൂട്ടിയും കുറച്ചും ലീഡ് നിലനിർത്തിയ ശേഷം 745 വോട്ടിനാണ് അഷ്‌റഫ് വിജയിച്ചത്. 2016ൽ ലീഗിലെ പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിന് തോൽവി നേരിട്ടതിന് സമാനമായ തോൽവി നിസാരമായ 745 വോട്ടുകൾക്ക് അഞ്ചു വർഷത്തിന് ശേഷവും സുരേന്ദ്രന് അതിർത്തി മണ്ഡലത്തിലുണ്ടായി. കെ. സുരേന്ദ്രൻ ജയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ കണക്കുകൂട്ടിയ അതേ മാജിക് നമ്പറിന് തോൽവി. സി.പി.എമ്മിലെ വി.വി. രമേശൻ കൂടുതൽ വോട്ട് പിടിച്ചിട്ടും സുരേന്ദ്രന് രക്ഷപ്പെടാനായില്ല. ഹെലികോപ്റ്ററിൽ എത്തി പ്രചാരണ കൊടുങ്കാറ്റ് വീശിയും കർണ്ണാടകയിൽ നിന്നുള്ള ടീമിനെ അണിനിരത്തി അതികഠിനമായ രാഷ്ട്രീയ സന്നാഹം ഉയർത്തിയിട്ടും മഞ്ചേശ്വരത്ത് അത്ഭുതങ്ങൾ ഉണ്ടാക്കാൻ സുരേന്ദ്രന് കഴിയാതെ പോയത് മറ്റൊരു ചരിത്രം. കരുത്തരായ കെ. സുരേന്ദ്രനോടും വി.വി. രമേശനോടും പൊരുതി അടിയൊഴുക്കുകളെ പ്രതിരോധിച്ചാണ് 'മഞ്ചേശ്വരത്തിന്റെ പുത്രൻ' നിയമസഭയിൽ എത്തുന്നത്. അഷ്‌റഫ് 65758 വോട്ടും കെ. സുരേന്ദ്രൻ 6503 വോട്ടും നേടിപ്പോൾ വി.വി. രമേശൻ 40639 വോട്ട് പിടിച്ചിരുന്നു.
കാസർകോട് മണ്ഡലത്തിൽ നിന്ന് എൻ.എ. നെല്ലിക്കുന്ന് മൂന്നാം തവണയും ജയിച്ച് കയറിയത് റിക്കാർഡ് ഭൂരിപക്ഷത്തിനാണ് എന്നത് യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തി. ടി.ഇ. അബ്ദുല്ലയെ തഴഞ്ഞതിന് ലീഗിലെ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന അപശബ്ദങ്ങളെയും അടിയൊഴുക്കുകളെയും സമർത്ഥമായി നേരിട്ട് നേടിയ മിന്നുന്ന ജയം നേടിയ എൻ.എ. നെല്ലിക്കുന്നിനെ ലീഗ് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്താനാക്കും. 12,901 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയിലെ അഡ്വ. കെ. ശ്രീകാന്തിനെ എൻ.എ. നെല്ലിക്കുന്ന് തോൽപ്പിച്ചത്. മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുകൾ ശക്തമായിരുന്നു. കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇതെല്ലാം നെല്ലിക്കുന്ന് മറികടന്നു.
കടുത്ത മത്സരം നടന്ന ഉദുമയിൽ വൻ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ചെങ്കോട്ട കാത്തതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു ചരിത്രം. സാക്ഷാൽ കെ. സുധാകരൻ വന്നു തോറ്റു മടങ്ങിയിടത്ത് ബാലകൃഷ്ണൻ പെരിയ അട്ടിമറി സൃഷിച്ചേക്കുമെന്ന് വോട്ടെണ്ണലിന്റെ തുടക്കത്തിലുണ്ടായ ഫലസൂചനകൾ കാണിച്ചിരുന്നു. ബാലകൃഷ്ണൻ പെരിയ 5000 വോട്ടിന് മുന്നിട്ട് നിന്നിരുന്ന ഘട്ടത്തിൽ നിന്ന് സി.പി.എമ്മിലെ അഡ്വ. സി.എച്ച്. കുഞ്ഞമ്പു ശക്തമായ തിരിച്ചുവരാണ് നടത്തിയത്. 13,322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞമ്പു ഉദുമ നിലനിർത്തിയത്. 2016 ലെ ഭൂരിപക്ഷത്തേക്കാൾ ആയിരത്തിൽപരം കൂടുതൽ വോട്ടുകൾക്ക്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരനും തൃക്കരിപ്പൂർ മണ്ഡലത്തിൽ എം. രാജഗോപാലനും തങ്ങളുടെ ചെങ്കോട്ട കൂടുതൽ ചുവപ്പിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ നൽകിയത്. യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തിയ രണ്ടിടത്തും 2016 ലേതിനേക്കാൾ മികച്ച വിജയം ഇരുവരും നേടി. എതിരാളിയായി മുൻ മന്ത്രി കെ.എം. മാണിയുടെ മരുമകൻ വന്നിട്ടും മണ്ഡല പുനർനിർണയത്തിന് ശേഷം ഇതാദ്യമായി തൃക്കരിപ്പൂരിൽ മുന്നണിയുടെ ഭൂരിപക്ഷം കാൽ ലക്ഷം കടത്താൻ എം. രാജഗോപാലിനായത് ചരിത്ര നേട്ടമായി.