bjp

കാസർകോട്: മഞ്ചേശ്വരത്ത് യു.ഡി.എഫിലെ എ.കെ.എം അഷ്റഫിനോട് തോറ്റെങ്കിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മണ്ഡലത്തിന്റെ ചരിത്രത്തിലിതുവരെ ലഭിക്കാത്ത വോട്ടാണ് നേടിയത്. അതേസമയം അടിയൊഴുക്കുകളുണ്ടാകുമെന്ന് കരുതിയ കാസർകോട് മണ്ഡലത്തിൽ ബി.ജെ.പി ജില്ലാപ്രസിഡന്റായ അഡ്വ. കെ. ശ്രീകാന്തിന് ലഭിക്കേണ്ട വോട്ടിൽ വലിയ ചോർച്ചയുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

2016 ൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ കിട്ടിയത് 56,777 വോട്ട് ആയിരുന്നു. എന്നാൽ ഇത്തവണ 65,013 വോട്ടുകൾ ലഭിച്ചു. വർദ്ധനവ് 8236 വോട്ട് . 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രവീശ തന്ത്രി കുണ്ടാർ നേടിയത് 57,484 വോട്ടുകളാണ്. ഇതിനെക്കാളും 7529 വോട്ടുകൾ അധികം നേടിയിട്ടും നിർഭാഗ്യം സുരേന്ദ്രന്റെ വിജയത്തിന് തടസമായി. 2016 ൽ സി.പി.എമ്മിലെ സി.എച്ച് .കുഞ്ഞമ്പു നേടിയ 42,565 ന് അടുത്ത് എത്തിയില്ലെങ്കിലും 2019 ൽ എം.ശങ്കർ റായിയും ലോക്‌സഭ സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രനും നേടിയ വോട്ടുകളേക്കാൾ നേടാൻ എൽ.ഡി.എഫിലെ വി.വി. രമേശന് കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ എം.സി .ഖമറുദ്ദീൻ നേടിയ 65,407 വോട്ടിന്റെ ഒപ്പമെത്താനേ വിജയിച്ച എ.കെ.എം അഷ്റഫിന് കഴിഞ്ഞിട്ടുള്ളൂ.

കാസർകോട്ട് 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വോട്ടിൽ വലിയ ഇടിവാണ് സംഭവിച്ചത്. ശ്രീകാന്തിന്റെ വിജയം തടയാനുള്ള ശ്രമം നടന്നോയെന്ന് ബി.ജെ.പി നേതൃത്വം പരിശോധിച്ചേക്കും. കാസർകോട് മണ്ഡലത്തിൽ 2016 ൽ മത്സരിച്ച രവീശ തന്ത്രി കുണ്ടാർ 56,120 വോട്ടുകൾ പിടിച്ചിരുന്നു. എന്നാൽ ഇക്കുറി ബി.ജെ. പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് തന്നെ മത്സരരംഗത്ത് ഉണ്ടായിട്ടും 50,395 വോട്ടുകളാണ് പെട്ടിയിൽ വീണത്.

ബി.ജെ.പി ക്ക് വോട്ട് കുറഞ്ഞപ്പോൾ അത്രയും വോട്ടുകൾ ഐ.എൻ.എൽ സ്ഥാനാർത്ഥി എം.എ. ലത്തീഫിന് ലഭിച്ചിട്ടുമുണ്ട്. 2016 ൽ ഐ.എൻ.എൽ സ്ഥാനാർത്ഥി ഡോ. എ.എ. അമീന് ലഭിച്ചത് 21,615 വോട്ടുകളാണ്. ഇക്കുറി എം.എ. ലത്തീഫിന് 28,323 വോട്ട് ലഭിച്ചു. 6708 വോട്ടുകളുടെ വർദ്ധനവ്. അതേസമയം വിജയിച്ച എൻ.എ. നെല്ലിക്കുന്നിന് 2016 നെ അപേക്ഷിച്ച് വോട്ട് കുറഞ്ഞു. 2016 ൽ 64,727 വോട്ടുകൾ ലഭിച്ചിടത്ത് ഇക്കുറി 63296 മാത്രമെ കിട്ടിയുള്ളു. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ വോട്ടുകൾ കുറഞ്ഞതിനാൽ എൻ.എ നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 12,901 ആയി വർദ്ധിച്ചു. 2016ൽ നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 8607 ആയിരുന്നു.