തളിപ്പറമ്പ്: എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ടുവർദ്ധിച്ച തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ നഷ്ടം ബി.ജെ.പിക്ക്. 2016ൽ ലഭിച്ചതിലും 1764 വോട്ട് അധികം ലഭിച്ചിട്ടും എൽ.ഡി.എഫിലെ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ചത് യു.ഡി.എഫിന്റെ വോട്ടിലുണ്ടായ വൻവർദ്ധനവ് മൂലമാണ്. അതേസമയം ബി.ജെ.പിക്ക് കഴിഞ്ഞതവണ ലഭിച്ചതിൽ നിന്ന് 1654 വോട്ടുകളുടെ കുറവ് ഇക്കുറിയുണ്ടായി.
യു.ഡി.എഫിന് 19,692 വോട്ടിന്റെ വർദ്ധനവാണ് മണ്ഡലത്തിലുണ്ടായത്. 2016ൽ കേരള കോൺഗ്രസ് എമ്മിന് നൽകിയ സീറ്റിൽ രാജേഷ് നമ്പ്യാരാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായത്. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ അന്ന് കാര്യമായി പ്രവർത്തിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഇക്കുറി സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതോടെ മികച്ച പ്രവർത്തനമാണ് മണ്ഡലത്തിൽ യു.ഡി.എഫ് കാഴ്ചവച്ചത്. തളിപ്പറമ്പ് നഗരസഭയിലും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളിലുമാണ് യു.ഡി.എഫ് മുന്നിൽ നിന്നത്.
എൽ.ഡി.എഫിന് 2016ൽ ലഭിച്ച 91,106 വോട്ട് ഇത്തവണ 92,870 ആയി വർദ്ധിച്ചു. 22,689 വോട്ടിന്റെ ഭൂരിപക്ഷമാണ് എം.വി. ഗോവിന്ദന് തളിപ്പറമ്പ് നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾറഷീദിന് 70,181 വോട്ടാണ് ലഭിച്ചത്. 2016 ൽ രാജേഷ് നമ്പ്യാർക്ക് 50,489 വോട്ട് മാത്രമാണ് ലഭിച്ചത്. ബി.ജെ.പിയുടെ എ.പി. ഗംഗാധരന് 13,088 വോട്ടുകളാണ് ലഭിച്ചത്. 2016 ൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന പി. ബാലകൃഷ്ണന് 14,742 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ വോട്ടുവിഹിതം 20,000 ന് മുകളിലെത്തുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം.