കാഞ്ഞങ്ങാട്: ബി.ജെ.പി നേതൃത്വം എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽപെടുത്തിയ കാഞ്ഞങ്ങാട് നില മെച്ചമായില്ല. 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലത്തിലെ ഇരുമുന്നണി സ്ഥാനാർത്ഥികൾക്കും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി എം. ബൽരാജ് ഇറങ്ങിയത്. വോട്ടെണ്ണി കഴിഞ്ഞപ്പോഴാകട്ടെ അഞ്ചു വർഷം മുമ്പ് കിട്ടിയ വോട്ടിൽ നാമമാത്ര വർദ്ധന മാത്രമേ ഉണ്ടായുള്ളൂ.

2011 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി മടിക്കൈ കമ്മാരന് കാൽലക്ഷത്തിൽപരം വോട്ട് ലഭിച്ചിരുന്നു. 2016 ൽ സീറ്റ് ബി.ഡി.ജെ.എസിനു നൽകിയപ്പോൾ വോട്ട് 21104 ആവുകയും ചെയ്തു. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ആയതുകൊണ്ടാണ് വോട്ടു കുറഞ്ഞതെന്ന കണക്കുകൂട്ടലിലാണ് ഇത്തവണ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജിനെ സ്ഥാനാർത്ഥിയാക്കിയത്. അദ്ദേഹത്തിന് ലഭിച്ചത് 21570 വോട്ട്. 400ൽപരം വോട്ടിന്റെ വർദ്ധന.

2016 ൽ എൽ.ഡി.എഫിന് 80558 വോട്ട് ലഭിച്ചിടത്ത് ഇക്കുറി 84615 ആയി. യു.ഡി.എഫിന് 55447 ആയിരുന്നത് 57476 ആയി വർദ്ധിച്ചു.