തൃക്കരിപ്പൂർ: കാലവർഷത്തിൽ ഏറേ സജീവമായി ഒഴുകാറുള്ള കാപ്പിൽ തോട് കാടുകയറിയും അതിരിടിഞ്ഞു മൺതിട്ട രൂപപ്പെട്ടും നാശത്തിന്റെ വക്കിൽ. തൃക്കരിപ്പൂർ ടൗണിന്റെ പരിസരത്തുകൂടി കടന്നുപോകുന്ന കണ്ണിച്ചാൻതോട്, കഞ്ചിയിൽ തോട് എന്നിങ്ങനെ ഓരോ സ്ഥലത്ത് ഓരോ പേരിട്ടു വിളിക്കുന്ന ഈ തോട് നേരത്തെ മൈനർ ഇറിഗേഷൻ വകുപ്പും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും പല സമയങ്ങളിലായി ചില ഭാഗങ്ങളിൽ നേരത്തെ കരകെട്ടി സംരക്ഷിച്ചിരുന്നുവെങ്കിലും വർഷങ്ങളായി അധികൃതർ കൈയൊഴിഞ്ഞ നിലയിലാണുള്ളത്.
കാപ്പിൽ നിന്നാരംഭിച്ച് കഞ്ചിയിൽ വഴി തലിച്ചാലം വരെയായി ഏകദേശം മൂന്നു കിലോമീറ്ററിലേറെ നീണ്ടു കിടക്കുന്ന തോടാണിത്. നേരത്തെ റവന്യു വകുപ്പിന്റെ രേഖകളിൽ ഉള്ള ഈ ജലസ്രോതസ്സ് പലയിടങ്ങളിലും സ്വകാര്യ വ്യക്തികൾ കൈയേറിയതോടെ വീതി കുറഞ്ഞും ഒഴുക്ക് ഇല്ലാതായും കരയിടിഞ്ഞും മൺകൂന രൂപപ്പെട്ടും പലയിടങ്ങളിലും തോടിന്റെ സ്ഥിതി മോശമായി. ടൗണിലെ അഴുക്കു ചാലിൽ നിന്നുള്ള മഴവെള്ളം ഈ തോടിലൂടെയാണ് ഒഴുക്കി കളയുന്നത്.
തോടിന്റെ ആരംഭ സ്ഥലത്തുള്ള കാപ്പിൽ കുളം, വടക്കേ കൊവ്വലുള്ള എ ജി കുളം , താമരക്കുളം എന്നിവിടങ്ങളെയും പരിസരങ്ങളിലെയും കൃഷിയിടങ്ങളിലും രൂപപ്പെടുന്ന അധിക വെള്ളക്കെട്ട് മഴക്കാലത്ത് ഈ തോട് വഴിയാണ് ഒഴുകി പുഴയിലെത്തുന്നത്. കക്കുന്നം തങ്കയം ഭാഗങ്ങളിൽ ഈ തോടിനെ ആശ്രയിച്ച് കൃഷി നടത്താറുമുണ്ട്. കാലവർഷത്തിനു മുമ്പായി മണ്ണും കുറ്റിക്കാടുകളും നീക്കിയും ഇരുകരകളും ബലപ്പെടുത്തിയും തോട് നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.