തളിപ്പറമ്പ്: നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സണും ഡി.സി.സി സെക്രട്ടറിയുമായ കെ. നബീസാബീവിയുടെ തൃച്ഛംബരം മൊയ്തീൻപള്ളിക്ക് സമീപമുള്ള വീടിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞു. ഞായറാഴ്ച രാത്രി 11.50 നായിരുന്നു സംഭവം. ബോംബേറിൽ മുൻവശത്തെ ജനൽചില്ലുകളും കസേരകളും തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടിന്റെ ജനൽചില്ലുകളും തകർന്നിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബോംബിന്റെ അവശിഷ്ടങ്ങളും സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. നഗരസഭാ തിരഞ്ഞെടുപ്പിൽ കാക്കാഞ്ചാൽ വാർഡിൽ മത്സരിച്ചപ്പോൾ കള്ളവോട്ടുകൾ തടഞ്ഞതിന്റെ പേരിൽ നബീസയ്ക്ക് ഭീഷണി ഉണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതാവും നഗരസഭാ വൈസ് ചെയർമാനുമായ കല്ലിങ്കീൽ പത്മനാഭൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, ബ്ലോക്ക് പ്രസിഡന്റ് എം.വി. രവീന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്ന് നേതാക്കൾ പറഞ്ഞു.