മാഹി: മാഹിയിൽ ഇടത്- വലത് മുന്നണികൾക്ക് വോട്ടുകൾ കുറയുകയും, ബി.ജെ.പി വോട്ടുകൾ ഗണ്യമായി ഉയർത്തുകയും ചെയ്തത്, ഇരുമുന്നണികളേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ബി.ജെ.പി വോട്ടുകൾ ഇരട്ടിയായി വർദ്ധിച്ചു. 3532 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എ. നേടിയത്. യു.ഡി.എഫിന് 9744 വോട്ടും, ഇടത് മുന്നണിക്ക് 9444 വോട്ടുമാണ് ലഭിച്ചത്.
2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 8658 വോട്ടും, ഇടത് സ്വതന്ത്രന് 10,797 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് ഇത്തവണ നില അൽപ്പം മെച്ചപ്പെടുത്തിയപ്പോൾ, പാർട്ടി സ്ഥാനാർത്ഥി അല്ലാതെ ഇത്തവണയും സ്വതന്ത്രനെ മത്സരിപ്പിച്ചപ്പോൾ, ഇടത് മുന്നണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിന്റെ 12 ശതമാനം വോട്ട് കുറഞ്ഞു. അതായത് 1353 വോട്ട്. ഇത്തവണ കൂടിയ 1529 പുതിയ വോട്ടർമാരെ പരിഗണിക്കാതെയാണ് ഈ കണക്ക്. ആ വിഹിതം കൂടി പരിഗണിക്കുമ്പോൾ സി.പി.എമ്മിന് വൻ നഷ്ടമാണ് മയ്യഴി നിയോജക മണ്ഡലത്തിൽ സംഭവിച്ചത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം 11000 ലധികം വോട്ടുകൾ വാങ്ങിക്കൊണ്ടിരുന്ന കോൺഗ്രസ് 10000 ൽ താഴെ വോട്ടുകൾ മാത്രമാണ് ഇത്തവണ വാങ്ങിയത്. ഇത് കോൺഗ്രസിന് മാഹിയിലുണ്ടായ അപചയമായി കാണാം. കഴിഞ്ഞ കാല അസംബ്ലി തിരഞ്ഞെടുപ്പിൽ 1600 വോട്ടുകളാണ് ബി.ജെ.പി. നേടിയിരുന്നത്. എന്നാൽ ഇത്തവണ അത് 3532 വോട്ടുകളിലേക്ക് ഉയർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർ നാലായിരത്തിലേറെ വോട്ടുകൾ നേടിയിരുന്നു.
പുതുച്ചേരി സംസ്ഥാനത്ത് വരുന്ന ഭരണപരമായ മാറ്റം, മയ്യഴിയിലും അലയൊലികൾ ഉണ്ടാക്കുന്നതാണ് ഈ കണക്കുകൾ. ഇനി വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിലും, ഫലം നിർണായകമാക്കാൻ ബി.ജെ.പിക്ക് സാധിക്കും. മൂന്ന് പതിറ്റാണ്ടുകാലം കോൺഗ്രസ് കൈയടക്കി വച്ച മാഹി മണ്ഡലം 2016ൽ സർവസ്വതന്ത്രനായ കോളേജ് അദ്ധ്യാപകനെ മുൻ നിർത്തിയാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. ഇത്തവണയും ഇതേ തന്ത്രമാണ് ഇടതുമുന്നണി പയറ്റിയതെങ്കിലും ചരിത്രം ആവർത്തിക്കപ്പെട്ടില്ല.