പ്രധാന ആശുപത്രികളിൽ ഇൻസിഡന്റ് കമാന്റർമാരെ നിയമിച്ചു കളക്ടറുടെ ഉത്തരവ്

കണ്ണൂർ: ജില്ലയിൽ കൊവിഡ് രോഗികൾ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവർക്കും വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ആശുപത്രികളിലെയും പകുതി കിടക്കകൾ കൊവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ 24, 65 വകുപ്പുകൾ പ്രകാരമാണ് നടപടി. ഇതു പ്രകാരം ജില്ലയിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾ, സഹകരണ, ഇ.എസ്‌.ഐ ആശുപത്രികളും 50 ശതമാനം ബെഡുകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം.

മാറ്റിവയ്ക്കുന്ന പകുതി ബെഡുകളിൽ 25 ശതമാനം ബെഡുകളിലേക്കുള്ള പ്രവേശനം ഡിഡിഎംഎ മുഖാന്തരമായിരിക്കും. ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളിൽപ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടങ്ങളിൽ പ്രവേശിപ്പിക്കുക. അതേസമയം, അടിയന്തര ചികിത്സ തേടിയെത്തുന്ന കൊവിഡ് ഇതര രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ ആശുപത്രികൾ സംവിധാനമൊരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഗുരുതര സ്വഭാവമുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്കാവശ്യമായ കിടക്കകൾ, ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടർ, ജീവൻ രക്ഷാ മരുന്നുകൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനുമായി ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇൻസിഡന്റ് കമാന്ററെ നിയമിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവായി.
ഇവർ ബന്ധപ്പെട്ട ആശുപത്രികൾ സന്ദർശിച്ച് ഇവിടങ്ങളിൽ ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം, ഓക്സിജൻ പ്ലാന്റിന്റെ ലഭ്യത എന്നിവ ഡിഡിഎംഎയ്ക്ക് റിപ്പോർട്ട് ചെയ്യണം.

സൗകര്യങ്ങൾ ഉറപ്പാക്കും

ആശുപത്രികളിൽ ലഭ്യമായ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവയുടെയും കണക്കെടുക്കണം. അഡ്മിറ്റ് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം എ, ബി, സി കാറ്റഗറി തിരിച്ച് ദിവസേന അപ്‌ഡേറ്റ് ചെയ്യണം. ഇതോടൊപ്പം ജീവൻരക്ഷാ മരുന്നുകളുടെ പ്രതിദിന സ്റ്റോക്കും റിപ്പോർട്ട് ചെയ്യണം.

ഓക്സിജൻ ഹെൽപ്പ് ഡെസ്‌ക്

ആശുപത്രിയിൽ ഒരു ഓക്സിജൻ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കുകയും ഇവിടെയുള്ള ഓക്സിജൻ നോഡൽ ഓഫീസറുമായി യോജിച്ച് പ്രവർത്തിക്കേണ്ടതുമാണ്. ഈ പ്രവർത്തനങ്ങൾ ജില്ലയിൽ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ലോ ഓഫീസർ എൻ.വി സന്തോഷ് നോഡൽ ഓഫീസറായി കളക്ടറേറ്റിൽ ഒരു ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു.