കാഞ്ഞങ്ങാട്: ചട്ടംചാലിൽ ആരംഭിക്കുന്ന ഓക്സിജൻ പ്ലാന്റിന് കാഞ്ഞങ്ങാട് നഗരസഭ അഞ്ച് ലക്ഷം രൂപ നൽകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട സംയുക്ത പദ്ധതിയായാണ് ഓക്സിജൻ പ്ലാന്റ് യാഥാർത്ഥ്യമാക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്ച നടന്ന അടിയന്തര കൗൺസിൽ യോഗമാണ് തുക നൽകാൻ തീരുമാനിച്ചത്. ഓൺലൈനായി നടന്ന യോഗത്തിൽ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽടെക്ക് അബ്ദുല്ല, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി. ജാനകിക്കുട്ടി, മുഹമ്മദലി പി, കെ.വി സരസ്വതി, കെ. അനീശൻ, കെ.വി മായാകുമാരി, കൗൺസിലർമാരായ വി.വി രമേശൻ, കെ.കെ ജാഫർ, എം. ബൽരാജ്, ബനീഷ് രാജ് എന്നിവർ സംസാരിച്ചു.