തലശ്ശേരി: തലശ്ശേരിയിൽ തുടക്കം കുറിച്ച അഞ്ച് സുപ്രധാന പദ്ധതികൾ അടിയന്തര പ്രധാന്യത്തോടെ നടപ്പാക്കുന്നതിന് മുൻഗണന നൽകുമെന്ന് നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ഷംസീർ. മാഹി ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കി സെപ്തംബറോടെ നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് സുപ്രധാന പദ്ധതികളിൽ ഒന്നായ മലബാർ കാൻസർ സെന്ററിന്റെ 14 നില കെട്ടിടത്തിന്റെ പണി അതിവേഗത്തിലാക്കും. കൊടുവള്ളി മേൽപാലത്തിന്റെ നിർമ്മാണം 2022 മാർച്ചോടെ പൂർത്തിയാക്കും. ഇതിനായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ച് ലാന്റ് അക്വിസിഷൻ വകുപ്പ് മായി ബന്ധപ്പെട്ട് നടപടി പൂർത്തിയാക്കും. 200 വർഷം പഴക്കമുള്ള കോടതി കെട്ടിടം പണി വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ചെലുത്തും.
തലശ്ശേരി കടൽ പാലം ഇന്ത്യൻ മാരിക്കോം പരിശോധിച്ച് പോയതാണ്. അതും നവീകരിക്കും. അമ്മയും കുഞ്ഞും ആശുപത്രിയുടെ ടെണ്ടർ നടപടി പൂർത്തിയാക്കി സമയബന്ധിതമാക്കുമെന്നും എ.എൻ ഷംസീർ എം.എൽ.എ പറഞ്ഞു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈകിപ്പോയ എരഞ്ഞോളി പുതിയ പാലത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും ഷംസീർ പറഞ്ഞു.