കണ്ണൂർ: കൊവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തിൽ ജില്ലയിൽ അധികൃതർ നിയന്ത്രണം കടുപ്പിച്ചു. അനാവശ്യ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിരത്തുകളിൽ വാഹനങ്ങളും യാത്രക്കാരും കുറഞ്ഞു. വാഹനങ്ങൾ പൊലീസിന്റെ പരിശോധനക്ക്​ ശേഷമാണ്​ കടത്തി വിടുന്നത്​. മാർക്കറ്റുകളിലും കടകളിലടക്കം പൊലീസ്​ പരിശോധന കർശനമായിരുന്നു.

സാമൂഹിക അകലം പാലിക്കാത്ത കടയുടമകൾക്കെതിരെ നടപടിയെടുത്തു. സർക്കാർ ഉത്തരവ് നിലനിൽക്കും വരെ കർശന പരിശോധന തുടരാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, ബേക്കറി, ഹോട്ടലുകൾ എന്നിവ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. അതേസമയം ടൗൺ കേന്ദ്രീകരിച്ചുള്ള ബസ് ഗതാഗതം ഉണ്ടായിരുന്നു. ഗ്രാമീണ മേഖലകളിലേക്കുള്ള ബസ് സർവീസുകൾ വളരെ കുറവായിരുന്നു.

ഓട്ടോ -ടാക്​സികളും സർവീസ് നടത്തി. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം യാത്രക്കാർ വളരെ കുറവായിരുന്നു. ഇന്ധന ചെലവിനുള്ള വരുമാനം പോലും ലഭിച്ചില്ലെന്ന്​ ബസ്​ ജീവനക്കാർ അറിയിച്ചു. അതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ ബസ്​ സർവീസ്​ നിർത്തിവെക്കാനുള്ള ആലോചനയിലാണ്​ ബന്ധപ്പെട്ടവർ. മിക്ക സ്വകാര്യ സ്​ഥാപനങ്ങളും കമ്പനികളും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകർ 25 ശതമാനം ഹാജർ നിലയിലാണ്​ പ്രവർത്തിച്ചത്​. തിരിച്ചറിയൽ കാർഡ്​, അവശ്യ യാ​ത്രക്കുള്ള സത്യപ്രസ്​താവന എന്നിവ കൈവശം ഇല്ലാത്തവരെയെല്ലാം പൊലീസ്​ മടക്കി അയച്ചു.