തൃക്കരിപ്പൂർ: പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷം. 6, 7, 8 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. അതിർത്തികൾ അടച്ച് ജാഗ്രതാ നിർദ്ദേശം നൽകി. പഞ്ചായത്തിലാകെ ഇന്നലെ 24 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 6, 7 വാർഡുകളിൽ കൂടിയ വൈറസ് വ്യാപനം കണക്കിലെടുത്ത് മൂന്നു വാർഡുകളിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്കോ തിരിച്ചോ ഉള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല. മാത്രമല്ല ഇവിടുത്തെ റോഡുകളെല്ലാം അടച്ച് പൊലീസും ആരോഗ്യ വകുപ്പും കർശനമായ നിരീക്ഷണമേർപ്പെടുത്തി. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടമായ കുണിയൻ പാലമടക്കം അതിർത്തികൾ അടച്ചു കൊണ്ട് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും വിലക്കി. പൊലീസിന്റെ നേതൃത്വത്തിൽ മൈക്ക് പ്രചാരണവും നടത്തി.