covid

പെരിയ( കാസർകോട്): മഹാമാരിക്കാലത്ത് സാമൂഹ്യസേവനത്തിന്റെ തിളക്കമാർന്ന മാതൃകയായി കേരള കേന്ദ്ര സർവ്വകലാശാല. സർവ്വകലാശാലയിൽ നടന്നുവരുന്ന കൊവിഡ് പരിശോധനകളുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടു. 1,01,429 ആർ.ടി.പി.സി.ആർ പരിശോധനകളാണ് സർവ്വകലാശാലയിൽ നടന്നത്.

കഴിഞ്ഞവർഷം മാർച്ച് 30നാണ് സ്രവം പരിശോധിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐ.സി.എം.ആർ)ന്റെ അംഗീകാരം ലഭിച്ചത്. ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രി, പ്രത്യേക ക്യാമ്പുകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് കേന്ദ്ര സർവ്വകലാശാലയിൽ പരിശോധന നടത്തുന്നത്. ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വിഭാഗത്തിനു കീഴിലുള്ള വൈറോളജി ലാബിലാണ് പരിശോധന. ഇപ്പോൾ പ്രതിദിനം ശരാശരി 1200ഓളം പരിശോധനകൾ നടത്തുന്നതായി നേതൃത്വം നൽകുന്ന വകുപ്പ് തലവൻ ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. 1700 വരെ പരിശോധനകൾ നടന്ന ദിവസങ്ങളുമുണ്ട്.

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വൈറോളജി ലാബാണ് സർവ്വകലാശാലയിലേത്. പരിശോധനാ ഫലം സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഡോ. രാജേന്ദ്ര പിലാങ്കട്ടയ്ക്ക് പുറമെ അദ്ധ്യാപകനായ ഡോ. സമീർ കുമാർ, ലാബ് ടെക്നീഷ്യന്മാരായ എം. ആരതി, എം.വി. ക്രിജിത്ത്, സുനീഷ് കുമാർ, കെ. രൂപേഷ് , റോഷ്ന രമേശൻ, വീണ, ലാബ് അസിസ്റ്റന്റുമാരായ വി. ജിതിൻ രാജ് , ഷാഹുൽ ഹമീദ് സിംസാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ മുഹമ്മദ് റിസ്വാൻ, നിഖിൽ രാജ്, എം.പി. സച്ചിൻ, ഗവേഷക വിദ്യാർത്ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രഞ്ജിത്ത്, അശുതോഷ്, അഞ്ജലി എന്നിവരാണ് സംഘത്തിലുള്ളത്.

രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്ര സർവ്വകലാശാല കൊവിഡ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലുവിന്റെ ഇടപെടലും പിന്തുണയും ഇതിനു പിന്നിലുണ്ട്. നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്ര സർവ്വകലാശാലയെ ആദരിച്ചിരുന്നു.

കൊവിഡ് പ്രതിരോധം തുടരും: വൈസ് ചാൻസലർ

സാമൂഹ്യ ഉത്തരവാദിത്വം കടമയാണെന്നും അത് സർവ്വകലാശാല നിറവേറ്റുമെന്നും വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനവും ഒരുങ്ങുന്നുണ്ട്. വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച പഠനത്തിന് ‌ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായും സർവ്വകലാശാല സഹകരിക്കുന്നുണ്ട്. പ്രതിമാസം മുന്നൂറോളം സാമ്പിളുകൾ ഇതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുന്നുണ്ട്.