തലശ്ശേരി: ലോക് ഡൗണിനു സമാന നിയന്ത്രണം നിലവിൽ വന്നതോടെ മാഹി, തലശേരി മേഖല പൊലീസ് വലയത്തിലായി. നഗരങ്ങളിൽ മത്സ്യം, പച്ചക്കറി, മാംസം, പലചരക്ക് കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അനാവശ്യ യാത്രകൾക്കിറങ്ങിയവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി.
സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ വച്ചാണ് തുറന്നു പ്രവർത്തിച്ചത്. അനാവശ്യക്കാരായ യാത്രക്കാരെ ചോദ്യംചെയ്ത് ബോധവൽക്കരണം നൽകി പിഴ ഈടാക്കിയ ശേഷമാണ് വിട്ടത്. അത്യാവശ്യമായ ടാക്സി വാഹന സൗകര്യവും നഗരത്തിലുണ്ടായിരുന്നു. ടാക്സി വാഹനങ്ങളിലുള്ള ആളുകൾ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നു പരിശോധിച്ചു.
യാത്രക്കാർ കൈയിൽ കരുതിയ സത്യവാങ്മൂലവും പരിശോധിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടായിരുന്നു. കണ്ണൂർ-കോഴിക്കോട് ദീർഘദൂര ബസുകൾ ഭാഗികമായി സർവീസ് നടത്തി. വടകര, കൂത്തുപറമ്പ്, പാനൂർ ഭാഗങ്ങളിലേക്ക് ഏതാനും ബസുകൾ മാത്രമാണു ഓടിയത്. ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്സിൻ കുത്തി വയ്പ്പിനായി ആളുകൾ എത്തിയിരുന്നു. മാഹിയിൽ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അനാവശ്യമായി ബൈക്കിൽ പുറത്തിറങ്ങിയ നിരവധി പേരിൽ നിന്നും പിഴ ഈടാക്കി താക്കീത് നൽകി വിട്ടയച്ചു. ഈസ്റ്റ് പള്ളൂരിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വിവാഹം നടത്തിയതിന് ഗൃഹനാഥനെതിരെ കേസെടുത്തു.