കാഞ്ഞങ്ങാട്: ആദ്യ ലോക്ക്ഡൗൺ ആഘാതം മറികടന്ന് ഒന്നു സജീവമായി വരികയായിരുന്നു ഓട്ടോ സ്റ്റാൻഡുകൾ. അതിനിടെ മഹാദുരന്തം പോലെ വീണ്ടുമെത്തിയ കൊവിഡ് രണ്ടാം തരംഗവും നിയന്ത്രണങ്ങളും എങ്ങനെ അതിജീവിക്കുമെന്ന് അറിയാതെ ഓട്ടോ ഡ്രൈവർമാർ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞത് ഓട്ടോറിക്ഷ തൊഴിലാളികളെയാണ് വല്ലാതെ ബാധിച്ചത്. വൈകുന്നേരം വരെ സ്റ്റാൻഡിൽ കിടന്നാൽ മിനിമം ഓട്ടം ഒന്ന് കിട്ടിയാലായി.
ചില ദിവസങ്ങളിൽ അതുമില്ല. കഴിഞ്ഞ ലോക്ക് ഡൗണിൽ ഒരു മാസത്തോളം വീട്ടിൽത്തന്നെയായിരുന്നു തൊഴിലാളികളിൽ ഭൂരിഭാഗവും. വീട്ടിലേക്ക് എന്തെങ്കിലുമൊന്ന് വാങ്ങിക്കൊണ്ടു പോകാനുള്ള തുക പോലുമില്ലാതെയാണ് വണ്ടിയുമായി വൈകുന്നേരങ്ങളിൽ മടങ്ങുന്നതെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ദിവസ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ അവസ്ഥ ഇതിലും ഗതികേടിലാണ്. ഇന്ധനവില, ഇൻഷുറൻസ്, റോഡ് നികുതി എന്നിവയിൽ നട്ടം തിരിയുമ്പോൾ ഓട്ടം ഇല്ലാത്തത് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു.
ആരെങ്കിലും ഓട്ടം വിളിച്ചാൽ കൊവിഡ് രോഗഭീതിയുമുണ്ട് തൊഴിലാളികളിൽ. കൊവിഡ് രോഗികളുമായി യാത്ര ചെയ്താൽ 14 ദിവസം ക്വാറന്റൈനിൽ പോകേണ്ടിവരും. കുടുംബം പോറ്റാൻ നിർവാഹമില്ലാത്ത ഈ സാഹചര്യത്തിൽ ഈ മേഖലയിൽ തുടരാൻ പ്രയാസമാണെന്നും ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു.
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ നട്ടം തിരിയുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. അന്നന്നത്തെ അന്നത്തിന് വേണ്ടിയാണ് ഈ കഷ്ടപ്പാട്. സന്ധ്യവരെ ഓടിയാലും ഒന്നും കിട്ടുകയില്ല.
ഓട്ടോ ഡ്രൈവർമാർ
എന്ത് ചെയ്യണമെന്നറിയാതെ
വസ്ത്ര വ്യാപാരികൾ
കാഞ്ഞങ്ങാട് നഗരത്തിൽ വസ്ത്ര വ്യാപാരികളുടെ നിലയും പരുങ്ങലിലായി. ചെറുതും വലുതുമായ ടെക്സ്റ്റൈൽസുകൾ, റെഡിമെയ്ഡ് കടകൾ എന്നിവയെ കടയടപ്പ് ബാധിച്ചു. ഒരു വർഷമായി നഷ്ടക്കണക്കുകൾ മാത്രം കുറിച്ചിട്ട സ്ഥാപനങ്ങൾ ജനജീവിതം ഏതാണ്ട് സാധാരണമാകുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ പെരുന്നാൾ വിൽപന ലക്ഷ്യമിട്ട് വലിയ ഓർഡറുകളാണ് നൽകിയത്.
കഴിഞ്ഞ സീസണുകളിലെ രണ്ട് പെരുന്നാളുകൾ, ഓണം, വിഷു, ക്രിസ്മസ് കച്ചവടം വസ്ത്രവ്യാപാര മേഖലക്ക് നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം വിദ്യാലയങ്ങൾ തുറക്കാതിരുന്നതോടെ യൂനിഫോം അടക്കമുള്ള വസ്ത്രങ്ങളുടെ കച്ചവടം മുടങ്ങിയതും വൻ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനിടെയാണ് പെരുന്നാളിന് വലിയ പ്രതീക്ഷയോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിച്ചത്.