കരിന്തളം: കൊവിഡ് പോസിറ്റീവ് കേസുകൾ ശക്തമായ നിലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് ഭരണ സമിതിയുടേയും ജാഗ്രതാ സമിതിയുടെയും അടിയന്തര യോഗങ്ങൾ തീരുമാനിച്ചു. മുപ്പതിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഒന്ന്, പതിനേഴ് വാർഡുകളിലെ ലോക് ഡൗൺ തുടരാനും ഇന്ന് രാത്രി 9 മണി മുതൽ ഇനി ഒരറിയുപ്പുണ്ടാകുന്നത് വരെ രണ്ട് , പതിമൂന്ന് വാർഡുകളിലും ജില്ലാ കളക്ടർ ലോക് ഡൗൺ പ്രഖ്യാപിച്ചു.

വാർഡുകളിലെയും കാലിച്ചാമരം പ്രദേശത്തെയും പാൽ, മെഡിക്കൽ ഷോപ്പ്, ആശുപത്രി തുടങ്ങിയവ ഒഴികെയുള്ള കട കമ്പോളങ്ങളും റേഷൻകട, മാവേലി സ്റ്റോർ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയും രാവിലെ എട്ട് മണി മുതൽ പകൽ 12 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ. ലോക് ഡൗൺ പ്രഖ്യാപിച്ച വാർഡു കളിലൂടെ പോകുന്ന പൊതുമരാമത്ത് , ജില്ലാ പഞ്ചായത്ത് റോഡുകളൊഴികെയുള്ള എല്ലാ റോഡുകളിലൂടെയുമുള്ള വാഹന ഗതാഗതം കർശനമായി നിരോധിച്ചു.

വാർഡിലുള്ള ജനങ്ങൾ വീട്ടിൽ തന്നെ കഴിയണം. തീരെ സൗകര്യം കുറഞ്ഞ വീടുകളിലെ പോസിറ്റീവ് ബാധിതർക്കായി ഗവ: യു.പി.സ്‌കൂൾ കുവ്വാറ്റി, ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ പരപ്പ, എസ്.കെ.ജി.എം.എ.യു.പി സ്‌കൂൾ കുമ്പളപ്പള്ള എന്നിവിടങ്ങളിൽ പുരുഷൻമാർക്കും , കരിന്തളം ഗവ: കോളേജിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമായി പ്രദേശിക ക്വാറന്റൈൻ സെന്ററുകൾ ആരംഭിക്കാനും തീരുമാനിച്ചു.

പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിക്കും. യോഗത്തിൽ പ്രസിഡന്റ് ടി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. ടി.പി. ശാന്ത, ഷൈജമ്മ ബെന്നി, . അബ്ദുൾ നാസർ, അജിത്ത്കുമാർ , സെക്ടറൽമജിസ്‌ട്രേറ്റ്, തോമസ്, ഡോ. ജിഷ,​ ഉമേശൻ വേളൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് പറഞ്ഞു.