തളിപ്പറമ്പ്: ജില്ലയിലെ കൊവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കളക്ടറുടെ നിർദ്ദേശ പ്രകാരം ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു. വ്യാവസായിക ആവശ്യങ്ങൾക്കുളള ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം രേഖപ്പെടുത്തി മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ഇവ പിടിച്ചെക്കാനും ഇവയുടെ വാൾവുകൾ മെഡിക്കൽ ആവശ്യത്തിന് പറ്റുന്നതാണെന്ന് ഉറപ്പു വരുത്താനും ആവശ്യമായ ഘട്ടത്തിൽ ഒക്സിജൻ നിറച്ച് ആശുപത്രികളിൽ വിതരണം നടത്താനുമാണ് കളക്ടറുടെ നിർദേശമുണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തിൽ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന ബാക്കോ എയർ പ്രൊഡക്ട് എന്ന സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചക്ക് 1മണിയോടെ നടത്തിയ പരിശോധനയിൽ 39 വ്യായസായിക ആവശ്യങ്ങൾക്കുളള ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു. ഓക്സിജൻ നിറക്കാനായി എത്തിച്ച കണ്ണൂരിലെ രണ്ട് ഗ്യാസ് ഏജൻസികളുടെ സിലിണ്ടറുകളാണ് ഇവ. 7000 ലിറ്റർ ശേഷിയുളള സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സിലിണ്ടറുകൾ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഗോഡൗണിലേക്ക് മാറ്റി.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പരിശോധനകൾ നടക്കുന്നുണ്ട്. പരിശോധനയിൽ പിടിച്ചെടുക്കുന്ന സിലിണ്ടറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ജില്ലയിലെ ഏക ഒക്സിജൻ റീഫിൽ കേന്ദ്രമായ ബാക്കോ എയർ പ്രൊഡക്ടസിൽ എത്തിച്ച് ഒക്സിജൻ നിറച്ചാണ് വിതരണം ചെയ്യുക. പരിശോധനക്ക് തളിപ്പറമ്പ് തഹസിൽദാർ ഇ.എം റെജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്.കെ ഷമ്മി, ഫെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ടി. മനോഹരൻ, അന്തൂർ വില്ലേജ് ഓഫീസർ ഹാജമു ഈനുദ്ദീൻ, പി.വി വിനോദ് എന്നിവർ നേതൃത്വം നൽകി.