കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളും കണ്ണടയ്ക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഉദ്ഘാടനം കാസർകോട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സി.പി.എമ്മും കോൺഗ്രസും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ അക്രമത്തിനെതിരെ പ്രതികരിക്കുന്നില്ല. ആക്രമിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും ബി.ജെ.പി. പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ആയതുകൊണ്ടാണ് ഈ പാർട്ടികൾ മൗനം പാലിക്കുന്നത്. ബി.ജെ.പിക്കാർ മാത്രമല്ല ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന മുഴുവൻ ആളുകൾക്കും നേരെ അക്രമം നടക്കുന്നതായും മതമൗലികവാദികളുടെ പിന്തുണ തൃണമൂലിന് ലഭിക്കുകയും ചെയ്യുന്നു. കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതവും ജില്ലാ സെക്രട്ടറി എൻ. സതീശൻ എന്നിവർ നന്ദിയും പറഞ്ഞു.