കണ്ണൂർ: ജനങ്ങൾക്കിടയിൽ കൊവിഡ് ഭീതി പരക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി 'ഒപ്പമുണ്ട് കണ്ണൂർ" എന്ന പേരിൽ വിപുലമായ കൗൺസലിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ഓരോ തദ്ദേശ സ്ഥാപനതലത്തിലും നാലോ അഞ്ചോ പേർ അടങ്ങുന്ന പരിശീലനം ലഭിച്ച കൗൺസിലർമാരെ നിയോഗിക്കാനാണ് തീരുമാനം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കീഴിലുള്ള കൗൺസിലർമാരെ ഉൾപ്പെടുത്തി കളക്ടറേറ്റിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കും. കൗൺസിലിംഗിൽ പരിശീലനം നേടിയ വളണ്ടിയർമാർ, കുടുംബശ്രീ കൗൺസിലർമാർ തുടങ്ങിയവരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.
ജില്ലയിൽ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പ്രാഥമിക, സാമൂഹിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും കൗൺസിലർമാരെ വിന്യസിച്ചുള്ള കൗൺസലിംഗ് ശൃംഖല ഉണ്ടാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടത്. രോഗികൾക്ക് മാനസിക സാമൂഹിക പിന്തുണ നൽകുകയാണ് ലക്ഷ്യം. ഇതിനുള്ള നിയമന നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ, ജില്ലാ വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.