തലശ്ശേരി: തലശ്ശേരി -വളവ്പാറ റോഡിൽ നഗരപരിധിയിലെ ജീർണ്ണാവസ്ഥയിലുള്ള എരഞ്ഞോളി പഴയപാലത്തിന് പകരം, തൊട്ടരികിലായി പണിതു കൊണ്ടിരിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. സപ്തംബറോടെ പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഇവിടെ അപ്രോച്ച് റോഡ് സൗകര്യമൊരുങ്ങുകയാണ്. ഇതിനായി ഏതാനും സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഈ സ്ഥലത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിട്ടുണ്ട്.
53 പേരുടെ കൈവശത്തിലുള്ള 1.76 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 21 കടകളും ഒരു വീടുമുണ്ടായിരുന്നു. ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി പദ്ധതിയിൽ നവീകരിക്കുന്ന വളവ് പാറ റോഡിന്റെ ഭാഗമായാണ് എരഞ്ഞോളി പുഴയിൽ പുതിയ പാലം ഒരുക്കുന്നത്. 2013ലാണ് ഈ റോഡിന്റെ പ്രവൃത്തി തുടങ്ങിയത്. സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് 2015 ഏപ്രിലിൽ ആദ്യ കരാർ റദ്ദാക്കിയിരുന്നു.
എരഞ്ഞോളി പുഴയിൽ പണിയുന്ന സമാന്തരപാലത്തിന്റെ പ്രവൃത്തികളും പലവിധ കാരണങ്ങളാൽ ഇഴയുകയായിരുന്നു. തുടക്കത്തിൽ നടത്തിയ നിർമ്മാണ പ്രവൃത്തികൾ ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു. എരഞ്ഞോളി പുഴയെ ജലപാതയായി പരിഗണിച്ചതിനെ തുടർന്ന് ആദ്യം കെട്ടിയ തൂണുകളുടെ ഉയരം കൂട്ടേണ്ടി വന്നതാണ് തടസ്സമായത്. ഇപ്പോൾ പുഴയിലൂടെ ബോട്ട് കടന്നു പോവാൻ മതിയായ തരത്തിലുള്ള ഉയരം കൂട്ടിയാണ് തൂണുകൾ പണിഞ്ഞത്. ഇത് കഴിഞ്ഞതോടെ, തുടർന്ന് വന്ന കൊവിഡ് നിയന്ത്രണങ്ങൾ, വഴിമുടക്കികളായി.
എം.എൽ.എയുടെ ഇടപെടൽ
പാലം നിർമ്മാണം നീളുന്നത് വാർത്താപ്രാധാന്യം നേടിയതോടെ കഴിഞ്ഞ ദിവസം കെ.എസ്.ടി.പി.അധികൃതരെയും, കരാറുകാരനെയും വിളിച്ചു വരുത്തി എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ സബ് കളക്ടർ ഓഫീസിൽ യോഗം ചേർന്നിരുന്നു. പാലത്തിന്റെ നിർമ്മാണം 80 ശതമാനം പൂർത്തിയായി കഴിഞ്ഞു. പാലത്തിന്റെ മെയിൻ കോൺക്രീറ്റ് നേരത്തെ പൂർത്തിയായി. സെപ്തംബറിൽ തുറന്നുകൊടുക്കുക ലക്ഷ്യമിടുകയും ചെയ്തു.
ജലപാതയും വഴിമുടക്കി
പുതിയപാലം വഴി ജലപാത കടന്നുപോകുമെന്ന് ചൂണ്ടിക്കാട്ടി രൂപരേഖ മാറ്റിയതും നിർമ്മാണം വൈകാൻ കാരണമായി. 2018 ഡിസംബറിലാണ് മാറ്റം വരുത്തിയ രൂപരേഖയിൽ നിർമ്മാണപ്രവൃത്തി പുനരാരംഭിച്ചത്. നിലവിൽ ഇടുങ്ങിയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ സമീപത്തുള്ള കടകളിലെല്ലാം പൊടി ശല്യവും രൂക്ഷമാണ്. പാലത്തിനു സമീപം നിരവധി വാഹനാപകടങ്ങളും ഉണ്ടായിരുന്നു.