rod-iritty
എടക്കാനത്ത് വാർഡ് കൗൺസിലർ കെ. മുരളീധരന്റെയും ഇരിട്ടി എസ്.ഐ വി.ടി. ജോസഫിന്റെയും നേതൃത്വത്തിൽ ഇടറോഡുകൾ അടക്കുന്നു

ഇരിട്ടി: നഗരസഭയിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ ഇടറോഡുകൾ അടച്ച് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. പൊലീസും ആരോഗ്യ വകുപ്പും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.

ഇരിട്ടി നഗരസഭയിലാണ് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമായിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നഗരസഭ പരിധിയിലെ നാലാം വാർഡ് എടക്കാനം, അഞ്ചാം വാർഡ് കീഴൂർക്കുന്ന്, എട്ടാം വാർഡ് നരിക്കുണ്ടം,​ പത്താം വാർഡ് വികാസ് നഗർ എന്നീ നാലു വാർഡുകളിലെ ഇട റോഡുകൾ ഉൾപ്പെടെ അടച്ചാണ് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത് .

ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് ഒഴികെ വാർഡു പരിധിയിലെ ഉൾനാടൻ പാതകൾ പൂർണ്ണമായും വ്യാഴാഴ്ചയോടെ അടച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാർഡ് പരിധിയിൽ നിന്ന് ആളുകൾ പുറത്തിറങ്ങാൻ പാടില്ല. അവശ്യ സാധനങ്ങൾ ഡെലിവറി സംവിധാന ത്തിലൂടെ വീടുകളിലെത്തിക്കാറുള്ള സൗകര്യവും, മരുന്നുകൾ ഉൾപ്പെടെ സന്നദ്ധ സംഘടനകൾ മുഖേനയും വളണ്ടിയർമാർ മുഖേനയും ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്നതിനുള്ള സംവിധാനവും വാർഡുതല ജാഗ്രതാ സമിതി ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.