മട്ടന്നൂർ: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മേഖലയിൽ ആയിരത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. രണ്ടായിരത്തോളം പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. മട്ടന്നൂർ നഗരസഭയിലെ വിവിധ വാർഡുകളിലായി 522 പേരാണ് കൊവിഡ് പോസിറ്റീവായി വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നത്.
847 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. കീഴല്ലൂർ പഞ്ചായത്തിൽ 150 പോസിറ്റീവ് കേസുകളും 395 പേർ നിരീക്ഷണത്തിലുമുണ്ട്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പാലിക്കാതെ നഗരത്തിൽ വാഹനങ്ങളിൽ ചുറ്റിക്കറങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. പരിശോധന വകവയ്ക്കാതെയാണ് വാഹനങ്ങളുമായി ജനങ്ങൾ പുറത്തിറങ്ങുന്നത്.
സ്റ്റേഷൻ പരിധിയിൽ ചാലോട്, ഉരുവച്ചാൽ, മട്ടന്നൂർ സ്റ്റേഷൻ പരിസരം, ലിങ്ക്സ് മാളിന് സമീപം എന്നിവിടങ്ങളിൽ പൊലീസ് വാഹന പരിശോധന കർശനമാക്കിയെങ്കിലും പൊലീസിന്റെ ചോദ്യത്തിന് പലതും മറുപടി നൽകി വാഹനങ്ങളിൽ കറങ്ങുന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായ ശേഷം ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങുന്നതും വർദ്ധിച്ചിട്ടുണ്ട്. ആർ.ടി.പി.സി.ആർ പരിശോധനാ ഫലം വരാൻ വൈകുന്നതിനാലാണ് രോഗമില്ലെന്ന നിഗമനത്തിൽ പലരും പുറത്തിറങ്ങാൻ കാരണമെന്ന് പറയപ്പെടുന്നു.