കണ്ണൂർ: കൊവിഡ് ലോക് ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്ന വ്യാപാരികളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി. അടച്ചു പൂട്ടേണ്ടി വരുന്ന കടകളുടെ വാടക ഒഴിവാക്കാൻ കെട്ടിട ഉടമകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും അടച്ചിടുന്ന കടകളുടെ ഫിക്സഡ് വൈദ്യുതി ചാർജ് ഓഴിവാക്കി നൽകണമെന്നും സമിതി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.

ബാങ്ക് ലോണും മറ്റു വലിയ ബാദ്ധ്യതകളുമായി പിടിച്ചുനില്ക്കാൻ സാധിക്കാതെ തകർന്ന് തരിപ്പണമായ വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് ഗവ. അടിയന്തരമായി ഇടപെടണമെന്നും സമതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എം സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, എം.എ ഹമീദ് ഹാജി, വി.പി മൊയ്തു സംസാരിച്ചു.