കണ്ണൂർ: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇന്ന് മുതൽ പ്രഖ്യാപിച്ചിരിക്കെ അവശ്യസാധനങ്ങൾ വാങ്ങാൻ ഇന്നലെ കടകളിൽ തിരക്ക്. കണ്ണൂർ മാർക്കറ്റിലാണ് കൂടുതൽ ആളുകളെത്തിയത്. സ്വകാര്യ വാഹനങ്ങളും കൂടുതൽ നിരത്തിലങ്ങി. ഇന്നലെ ഉച്ചയോടെ മാർക്കറ്റിൽ വലിയ ഗതാഗതകുരുക്കാണുണ്ടായത്.
അവശ്യസാധനങ്ങൾ ലഭിക്കുന്നതിന് ലോക്ക് ഡൗണിലും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ആളുകൾ കൂട്ടത്തോടെ കടകളിലെത്തുകയായിരുന്നു. എന്നാൽ, ലോക്ക് ഡൗണിന് സമാനനിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ഈ തിരക്ക് പൊലീസ് അവഗണിക്കുകയായിരുന്നു. കൂടുതലാളുകളെത്തിയത് പഴം, പച്ചക്കറി, മുട്ട എന്നിവ വാങ്ങാനാണ്. റംസാൻ കാലമായതിനാൽ പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
ലോക്ഡൗൺ വീണ്ടും നീട്ടിയാൽ സാധനങ്ങൾ ലഭിക്കുമോ എന്ന ഭയവും പലരും പങ്കുവച്ചു. ചാക്ക് അരിയാണ് ചിലർ വാങ്ങിയത്. വലിയുള്ളിക്കും വൻ ഡിമാന്റായിരുന്നു. ലോക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ കർശന പൊലീസ് പരിശോധന ഒഴിവാക്കിയിരുന്നു. ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ നേരിയ ഇളവു നല്‍കിയതായാണ് പറയുന്നത്.
വാഹനപരിശോധനയും കുറവായിരുന്നു. എന്നാൽ പൊലീസ് മാർക്കറ്റിലെത്തി മാസ്‌ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. സാമൂഹിക അകലം പാലിക്കാത്ത കടകൾക്ക് താകീതും നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങൾ കൂടുതൽ നിരത്തിലിറക്കിയത് താഴെ ചൊവ്വ മേലെ ചൊവ്വ ഭാഗങ്ങളിൽ നേരിയ ഗതാഗതകുരുക്ക് സൃഷ്ടിച്ചു.
മരുന്ന് ഷോപ്പുകൾക്ക് മുന്നിൽ ക്യൂ
മരുന്നു ഷോപ്പുകൾക്കും മുമ്പിലും ഇന്നലെ തിരക്കായിരുന്നു. സ്റ്റേഡിയം പരിസരത്തുള്ള മെഡിക്കൽ ഷോപ്പുകൾക്ക് മുമ്പിൽ ക്യൂ നിന്നാണ് ആളുകൾ മരുന്നു വാങ്ങിയത്. സ്ഥിരമായി മരുന്ന് കഴിക്കുന്നരാണ് ഏറെയും ആശങ്കയിലായത്. കഴിഞ്ഞ തവണ ലോക് ഡൗൺ സമയത്ത് പല രോഗികളും അവശ്യ മരുന്നുകൾ ലഭിക്കാതെ പ്രയാസപ്പെട്ടിരുന്നു.
ഇന്ന് മുതൽ നിയന്ത്രണം കടുപ്പിക്കും
കണ്ണൂർ: സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പൊലീസ് കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ പിക്കറ്റ് പോസ്റ്റുകളും പൊലീസ് പട്രോളിംഗും ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ പൊലീസ് സ്റ്റേഷനുകൾക്കു നിർദ്ദേശം നൽകി. കണ്ടെയിൻമെന്റ് സോണുകളിൽ വാഹന ഗതാഗത നിയന്ത്രണങ്ങളും രാത്രി കാലവാഹന പരിശോധനയും പൊലീസ് കർശനമാക്കും. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത ഷോപ്പുകൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് നിയമ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് അറിയിച്ചു.