പയ്യന്നൂർ : അഖിലേന്ത്യാ സർവ്വകലാശാലാ ഫുട്ബാൾ ടീമിനെ പ്രതിനിധീകരിച്ച ആദ്യ മലയാളി. കലിക്കറ്റ് സർവ്വകലാശാലയുടെ പ്രഥമ ഫുട്ബാൾ ടീം പരിശീലകൻ . പകരം വെയ്ക്കാനില്ലാത്ത നിരവധി വിശേഷണങ്ങൾ ബാക്കിയാക്കിയാണ് ഫുട് ബാൾ കോച്ച് എം.വി.ഭരതൻ ജീവിതത്തിന്റെ കളത്തിൽ നിന്ന് മടങ്ങുന്നത്.
ഫുട്ബാളിന് വേണ്ടി മാത്രമായിരുന്നു പ്രൊഫ.എം.വി.ഭരതന്റെ ജീവിതം. ഇന്ത്യൻ ഗോൾവലയം കാത്ത വിക്ടർ മഞ്ഞില അടക്കം ഭരതന്റെ ശിക്ഷണത്തിൽ വളർന്നു വന്ന താരങ്ങൾ ഏറെ. ഇന്ത്യൻ ഫുട്ബോൾ മാന്ത്രികൻ ചുനി ഗോസ്വാമിക്കും അരുൺ ഘോഷിനുമൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച ഭരതൻ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ചായിരുന്നു തുടങ്ങിയത്. കോഴിക്കോട് നാഗ്ജി ട്രോഫി, തൃശ്ശൂർ ചാക്കോള ട്രോഫി, കണ്ണൂർ ശ്രീ നാരായണ തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ മൈതാനമദ്ധ്യം അടക്കിഭരിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ബൂട്ടുകൾ.1965 ൽ ജില്ലാ ലീഗിൽ കളിക്കുമ്പോൾ കാലിനു പരിക്കേറ്റ് പിൻവാങ്ങിയ ഭരതൻ പിന്നീട് മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.
മുഴപ്പിലങ്ങാട് യു.പി.സ്കൂളിലും തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിലുമായി പ്രാഥമീക വിദ്യാഭ്യാസവും ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിയും മലബാർ കൃസ്ത്യൻ കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദവും നേടിയ ശേഷമാണ് ഫുട്ബാളിൽ സജീവമായത്. 1965ലാണ് കായികാദ്ധ്യാപകനായി പയ്യന്നൂർ കോളേജിൽ എത്തി.പ്രൊഫ. ഗോവിന്ദൻ കുട്ടി, പത്മനാഭൻ മാസ്റ്റർ എന്നിവരോടൊപ്പം പയ്യന്നൂർ കോളേജിനും കോഴിക്കോട് സർവ്വകലാശാലക്കും ഫുട്ബാളിൽ വിലാസം ഉണ്ടാക്കിക്കൊടുക്കാനും പയ്യന്നൂരിലെ കായീക സംരംഭങ്ങൾക്ക് താങ്ങും തണലുമാകാനും മുന്നിലുണ്ടായിരുന്നു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി, കോഴിക്കോട് സർവ്വകലാശാല ഫുട്ബോൾ പരിശീലകൻ, സന്തോഷ് ട്രോഫി സെലക്ടർ, പരിയാരം മെഡിക്കൽ കോളേജ് കായിക വിഭാഗം മേധാവി, ക്യാപ്റ്റൻ റാങ്കിൽ 1967 മുതൽ 10 വർഷം 32 ബറ്റാലിയൻ എൻ.സി.സി യുടെ ഓഫിസർ എന്നീ നിലകളിലും ഭരതൻ കർമ്മനിരതനായിരുന്നു.
1952 മുതൽ കണ്ണൂർ സ്പിരിറ്റഡ് യൂത്തിന്റെ കരുത്തനായ മിഡ് ഫീൽഡറായിരുന്നു ഭരതൻ. കോഴിക്കോട് സർവ്വകലാശാല ആദ്യമായി അന്തർ സർവ്വകലാശാല കിരീടം നേടിയതും ഭരതന്റെ പരിശീലനത്തിലായിരുന്നു. മലബാർ കൃസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ അഖിലേന്ത്യാ സർവ്വകലാശാല ടീമിലെ കരുത്തനും ഇദ്ദേഹമായിരുന്നു.പയ്യന്നൂർ കേളേജ് ആരംഭിച്ച 1965 മുതൽ 1990 ൽ റിട്ടയർ ചെയ്യുന്നതു വരെ കായിക വകുപ്പ് മേധാവിയായിരുന്നു അദ്ദേഹം.44 വർഷമാണ് കായികാദ്ധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചത്.