കണ്ണൂർ: ചാലയിൽ പാചക വാതക ടാങ്കർ മറിഞ്ഞുണ്ടായ ആശങ്കയൊഴിഞ്ഞു. മറിഞ്ഞ ടാങ്കറിലുണ്ടായിരുന്ന വാതകം ഇന്നലെ രാവിലെ എട്ടുമണിയോടെ മറ്റു ടാങ്കറുകളിലേക്ക് മാറ്റിയതോടെയാണ് അധികൃതർക്കും നാട്ടുകാർക്കും ആശ്വാസമായത്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് മംഗളൂരുവിൽ നിന്ന് ചേളാരി ഐ.ഒ.സിയിലേക്ക് നിറയെ പാചക വാതകവുമായി പോകുകയായിരുന്ന ടാങ്കർ ചാല ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും 14 മണിക്കൂറോളം പരിശ്രമിച്ചാണ് ടാങ്കറിൽ നിന്നുണ്ടായ ചോർച്ച തടഞ്ഞ് നാടിനെ വൻ ദുരന്തത്തിൽ നിന്ന് സംരക്ഷിക്കാനായത്.

അപകടത്തെ തുടർന്ന് ചേളാരി പ്ലാൻറിൽ നിന്നെത്തിയ വിദഗ്ധർ ടാങ്കറിൽ നിന്ന് വാതകം മാറ്റി. തുടർന്ന് വളപട്ടണം ഖലാസികളുടെ സഹായത്തോടെ ടാങ്കർ നിവർത്തുകയും ചെയ്തു. ടാങ്കറിനകത്ത് വെള്ളം ചീറ്റി അതിനകത്തെ വാതകത്തിന്റെ അവശിഷ്ടങ്ങളുടെ തീവ്രത കുറക്കുകയും ചെയ്തു. ഇതോടെയാണ് ചാല പ്രദേശത്തെ മുൾമുനയിൽ നിർത്തിയ ആശങ്ക ഒഴിഞ്ഞത്.