കാസർകോട്: ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊവിഡ് രോഗികൾ ദുരിതത്തിൽ. ഒരു വർഷം മുമ്പ് സി.എച്ച്.സിയിലേക്ക് 108 ആംബുലൻസ് അനുവദിക്കുകയും ഉദ്‌ഘാടനം നടത്തുകയും ചെയ്തെന്നെങ്കിലും അധികം വൈകാതെ ആരോഗ്യവകുപ്പ് ആംബുലൻസ് തിരികെ കടത്തുകയായിരുന്നു.

ഇപ്പോൾ കൊവിഡ് 19 ന്റെ അതിവ്യാപന ഘട്ടത്തിൽ ബ്ലോക്ക് ലെവൽ കൊവിഡ് കൺട്രോൾ സെൽ കൂടിയാണ് മുളിയാർ സി.എച്ച്.സി. നിത്യേന നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് അര നൂറ്റാണ്ടു പഴക്കമുള്ള ഈ ആതുരാലയം. എൻഡോസൾഫാൻ പാക്കേജിലുള്ള മുളിയാർ ഗ്രാമ പഞ്ചായത്ത് ആംബുലൻസും പൂർണ്ണ സജ്ജമല്ല. സ്ഥിരം ഡ്രൈവറില്ലാത്ത അവസ്ഥയായതിനാൽ ആംബുലൻസ് സൗകര്യം രോഗികൾക്ക് കിട്ടുന്നത് കുറവാണ്. ഇത് രോഗികൾക്ക് ഉപയോഗിക്കണമെങ്കിൽ ഗ്രാമ പഞ്ചായത്തിന്റെയോ, ജില്ലാ കളക്ടറുടെയോ അനുമതി തേടേണ്ടത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു.

മുളിയാർ സി.എച്ച്.സിയിലേക്ക് മാത്രമായി ഒരു സ്ഥിരം ആംബുലൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ജില്ലാ കളക്ടർ, ഡി.എം.ഒ,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.

മുളിയാർ ആരോഗ്യകേന്ദ്രം