കണ്ണൂർ: കൊവിഡിൽ ബുദ്ധിമുട്ടുന്നുവരെ സഹായിക്കാനും ലോക്ഡൗണിൽ പൊതുജനങ്ങളെ സഹായിക്കുന്നതിനും വിപുലമായ സൗകര്യങ്ങളോടെ കണ്ണൂർ കോർപ്പറേഷൻ ഹെൽപ്പ് ഡെസ്‌ക് സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കിൽ മൂന്ന് ഷിഫ്റ്റികളിലായി അഞ്ചു ജീവനക്കാരെ വീതം ജോലിക്ക് നിയമിച്ചിട്ടുണ്ട്.
ഹെൽപ് ഡെസ്‌ക്കിൽ സജ്ജമാക്കിയ അഞ്ചു മൊബൈൽ നമ്പരിൽ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ഉദ്യോഗസ്ഥരെ കൂടാതെ ഒരു സ്ഥിരം സമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഹെൽപ്പ് ഡെസ്‌ക്കിൽ സേവന നിരതരായി എല്ലാദിവസവും ഉണ്ടാവും.

കോർപ്പറേഷൻ പരിധിയിലെ കൊവിഡ് രോഗികൾക്കും മറ്റ് രോഗമുള്ളവർക്കും അടിയന്തര ചികിത്സ ലഭിക്കുന്നതിന് ഏതെല്ലാം സർക്കാർ സ്വകാര്യ ആശുപത്രികളിൽ കിടക്കകളുടെയും വെന്റിലേറ്റർ ഓക്സിജൻ ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും.
രോഗികൾക്ക് ആശുപത്രികളിൽ എത്തിച്ചേരുന്നതിന് ആംബുലൻസ് വാഹന സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. ഇതിനായി ആംബുലൻസ് ഉൾപ്പെടെ ആറോളം വാഹനങ്ങൾ കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്.
ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം മേയർ അഡ്വ. ടി. ഒ. മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. മാർട്ടിൻ ജോർജ്, സിയാദ് തങ്ങൾ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ.സുകന്യ, ടി. രവീന്ദ്രൻ, സെക്രട്ടറി ഡി സാജു, ഹെൽത്ത് സൂപ്പർവൈസർ എ.കെ ദാമോദരൻ എന്നിവർ സംസാരിച്ചു.

സർക്കാർ സംവിധാനങ്ങൾ മതിയാകാതെ വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗം 11ന് ഉച്ചയ്ക്ക് 3 മണിക്ക് വിളിച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു.

ഹെൽപ്പ്ഡെസ്‌ക് നമ്പറുകൾ

8075 195462
8075 464303
8075 441507
8075 333370
7012 841616