ചെറുവത്തൂർ: കൂട്ടുകാരന്റെ അമ്മയുടെ ചികിത്സയ്ക്കായി മൂന്നാം ക്ലാസുകാരുടെ സഹായഹസ്തം മുതിർന്നവർക്കും മാതൃകയായി. ക്ലാസ് മുറിയിൽ പഠിച്ച സഹജീവി സ്നേഹത്തിന്റെ നല്ല പാഠങ്ങൾ ജീവിതത്തിൽ പകർത്തിയ അദീമും ആനിയയുമാണ് സത്പ്രവൃത്തിയിലൂടെ നാട്ടുകാർക്കിടയിൽ താരങ്ങളായത്.
കൂട്ടുകാരന്റെ അമ്മയുടെ ചികിത്സയ്ക്കായി ഈ മൂന്നാം ക്ലാസുകാർ സമാഹരിച്ച് നൽകിയത് 88, 145 രൂപ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ മൂന്നാം തരം വിദ്യാർഥികളായ അദീമും ആനിയയും ഈ സത്പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയത്.
കൂട്ടുകാരനായ ഹരിനന്ദിന്റെ അമ്മ ജിഷയ്ക്ക് രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. ഡോക്ടർമാർ നിർദ്ദേശിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ലും നാൽപത് ലക്ഷത്തോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്. ക്ലാസ് പി.ടി.എയിലാണ് ചികിത്സയ്ക്കായി സഹായം സമാഹരിക്കാൻ തീരുമാനിച്ചത്. പരമാവധി സഹായമെത്തിക്കണമെന്ന ചിന്തയിൽ അദീമും ആനിയയും മുന്നിട്ടിറങ്ങുകയായിരുന്നു. വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും, ഫോണിൽ വിളിച്ചുമെല്ലാം ബന്ധുക്കളോട് കൂട്ടുകാരന്റെ അമ്മയെ സഹായിക്കണമെന്ന അഭ്യർത്ഥന നടത്തി.
കഴിഞ്ഞ ഒരാഴ്ചക്കാലമായി തുക സമാഹരിക്കാനുള്ള പരിശ്രമത്തിൽ തന്നെയായിരുന്നു ഇരുവരും. കുഞ്ഞുമനസുകളിലെ നന്മ തിരിച്ചറിഞ്ഞവരെല്ലാം മനസറിഞ്ഞ് സഹായിച്ചു. ആനിയയുടെയും അദീമിന്റെയും നന്മ മനസിനെ സ്കൂൾ പ്രധാനാധ്യാപിക സി. എം. മീനാകുമാരിയും അധ്യാപകരും അഭിനന്ദിച്ചു.
കഥകളുടെ മധുരം പകർന്ന അമ്മടീച്ചർ
കുട്ടികൾക്ക് ഏറെ പ്രിയങ്കരിയാണ് ചികിത്സയിൽ കഴിയുന്ന ജിഷ. കഥ പറയലിൽ ഏറെ മികവ് പുലർത്തുന്ന ഇവർ കൊവിഡ് കാലത്ത് വാട്സ് ആപ് ഗ്രൂപ്പിലൂടെ കഥകളുടെ മധുരം പകർന്ന അമ്മടീച്ചർ കൂടിയാണ്. വിദ്യാലയത്തിലെ അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് കമ്മിറ്റിയുമെല്ലാം ജിഷയുടെ ചികിത്സയ്ക്ക് സഹായമെത്തിച്ചു നൽകാനുള്ള ശ്രമത്തിലാണ്. ചന്തേരയിലെ സുജിത്തിന്റെ ഭാര്യയാണ് അഴീക്കോട് സ്വദേശിനിയായ ജിഷ. ജിഷയുടെ ചികിത്സയ്ക്കായി അഴീക്കോട് ഗ്രാമപഞ്ചായത്തംഗം പി. പ്രവീൺ ചെയർമാനും കെ.കെ പ്രജീഷ് കൺവീനറും എം.എം പ്രകാശൻ കൺവീനറുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. കനറാ ബാങ്ക് അഴീക്കോട് ശാഖയിൽ 6301101003457 ( IFSC CNRB 0006301) ഫോൺ. 9895487230 (കൺവീനർ).