ആലക്കോട്: കൊവിഡ് രണ്ടാം തരംഗത്തിൽ പഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് മലയോരത്ത് രോഗവ്യാപനവും മരണനിരക്കും വർദ്ധിക്കുന്നു. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ എന്നീ പഞ്ചായത്തുകളിലായി ദിവസേന നാലും അഞ്ചും മരണങ്ങൾ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സംഭവിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് വരെ ശരാശരി ഒന്നോരണ്ടോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് ഇപ്പോൾ ഇരട്ടിയിലധികമായിരിക്കുകയാണ്. അടുത്തടുത്ത് വീടുകളുള്ള സ്ഥലങ്ങളിൽ കൊവിഡിന്റെ വ്യാപനം വളരെ കൂടുതലാണ്. ആദിവാസി കോളനികൾ, ലക്ഷംവീട് കോളനികൾ എന്നിവിടങ്ങളിലാണ് ഇത്തവണ വ്യാപനം കൂടുതൽ.
കൊവിഡ് വ്യാപനത്തോത് ഉയർന്നിട്ടും കൊവിഡ് പരിശോധനയ്ക്ക് ആളുകൾ മടിക്കുന്നതും രോഗവ്യാപനം വർദ്ധിക്കാനിടയാക്കുന്നു. വാർഡ് തലത്തിൽ കൊവിഡ് പരിശോധനാ ക്യാമ്പുകൾ നടത്തുവാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ആലക്കോട് പഞ്ചായത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളുമൊക്കെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിശ്ചലമാക്കിക്കൊണ്ട് രോഗവ്യാപനം നിയന്ത്രിക്കുവാൻ സഹകരിക്കുകയുണ്ടായി. ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ഒരാഴ്ച്ചകൂടി കടുത്ത നിയന്ത്രണം തുടരുന്നതിനാൽ കൊവിഡ് വ്യാപനം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.