police

കാസർകോട്: കൊവിഡ് വ്യാപനം തടയാൻ പൊലീസിനൊപ്പം ജനം സഹകരിച്ചപ്പോൾ രണ്ടാം ദിനവും ജില്ല പൂർണ്ണമായും അടഞ്ഞുകിടന്നു. വാഹനങ്ങൾ നന്നേ കുറവായിരുന്നു. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്.

ആളുകൾ കുറവായതിനാൽ തുറന്ന കടകളിൽ പലതും നേരത്തെ അടച്ചു. കർണാടകയിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും മുടക്കംകൂടാതെയെത്തി. നഗരത്തിലെ കാഴ്ചകൾ കാണാൻ എ.ടി.എമ്മുമായി ഇറങ്ങിയ ചെറുപ്പക്കാരെ പൊലീസ് നിർദാക്ഷിണ്യം മടക്കിയയച്ചു.

പൊലീസ് മേധാവി പി.ബി. രാജീവിന്റെ നേതൃത്വത്തിൽ ജില്ലയിൽ പൊലീസിന്റെ ശക്തമായ വിന്യാസമുണ്ട്. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഏഴുവഴികൾ അടച്ചിരിക്കുകയാണ്. തലപ്പാടി അടക്കമുള്ള മറ്റിടങ്ങളിൽ പരിശോധിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമാണ് കടത്തിവിടുന്നത്.

വൻ പൊലീസ് സന്നാഹം

ജില്ലയിൽ 75 കേന്ദ്രങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പരിശോധന നടത്തുന്നുണ്ട്. 48 ബൈക്കുകളിൽ പൊലീസ് സംഘങ്ങൾ റോന്ത് ചുറ്റുന്നു. ഇതിൽ ഏഴ് വനിതാ സംഘങ്ങളുമുണ്ട്. കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പൊലീസിൽ 51 മൊബൈൽ പട്രോൾ സംഘങ്ങളുണ്ട്. ഇതിലെ വളണ്ടിയർമാർ മരുന്നുകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല. ഹോട്ടലുകളും മറ്റും പലയിടത്തും തുറക്കാത്തതിനാൽ അവശ്യസർവീസായി സേവനം ചെയ്യുന്നവർക്ക് ഭക്ഷണത്തിന് വിഷമം നേരിടുന്നുണ്ട്. ഇവർക്കും ഒറ്റപ്പെട്ടുപോയവർക്കും പൊലീസ് ഭക്ഷണപ്പൊതിയും എത്തിക്കുന്നുണ്ട്.