കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും വാർ റൂം, ഹെൽപ്പ് ഡെസ്‌ക് എന്നിവ പ്രവർത്തനം തുടങ്ങി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു. പഞ്ചായത്ത് നഗരസഭാതല കൊവിഡ് കോർ കമ്മിറ്റികൾ രൂപീകരിച്ചു. ഗതാഗത പ്ലാൻ ഉണ്ടാക്കി. എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സേവനം തിങ്കളാഴ്ചയോടെ ആരംഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഡോ. ഡി. സജിത് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഓക്സിജൻ ബെഡുകൾ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കും. ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് ചികിത്സ, ഓക്സിജൻ ലഭ്യത, കരുതൽ ഓക്സിജൻ എന്നിവ ഉറപ്പാക്കും. മാഷ് പദ്ധതി അദ്ധ്യാപകരെ ഉൾപ്പെടുത്തി ജില്ലയിൽ മുഴുവൻ വാർഡ് തല ജാഗ്രതാ സമിതികളുടേയും പ്രവർത്തനം രണ്ടു ദിവസത്തിനകം കാര്യക്ഷമമാക്കും. വാർഡിലെ രോഗ ബാധിതർ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കും.

പരിശോധന എണ്ണം കൂട്ടുന്നതിന് മുൻഗണന നൽകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പതിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും. സജ്ജമാക്കിയ 41 ഡൊമിസിലറി കെയർ സെന്ററുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോക് ഡൗണിൽ ഒറ്റപ്പെട്ടു പോയവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിന് ജനകീയ ഹോട്ടലുകളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. ജില്ല പഞ്ചായത്ത് 2000 ഓക്സി മീറ്ററുകൾ ലഭ്യമാക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജയ്സൺ മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ പങ്കെടുത്തു.

: