കണ്ണൂർ : തങ്ങളെ പരിഹസിക്കുന്ന നിലപാട് തുടരുന്ന ലോക് താന്ത്രിക് ദളുമായി ലയിക്കുന്ന കാര്യം അംഗീകരിക്കാനാവില്ലെന്ന് ജനതാദൾ -എസിന്റെ വിവിധ ജില്ലാകമ്മിറ്റികൾ നേതൃത്വത്തെ അറിയിച്ചു.രണ്ട് പാർട്ടികളും ലയിച്ചുവന്നാൽ മന്ത്രിസ്ഥാനത്തെക്കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജനതാദൾ എസ് നേതാക്കൾ ഓൺലൈൻ യോഗം ചേർന്നത്. എന്നാൽ, ലയനം അസാദ്ധ്യമാണെന്നാണ് ദൾ -എസ് നേതാക്കൾ നൽകുന്ന സൂചന.അതേസമയം, തങ്ങൾക്ക് മന്ത്രിസ്ഥാനം ലഭിക്കാതെ എം.എൽ.എ മാത്രമായി തുടരേണ്ടി വന്നാൽ ലയനം കൊണ്ട് യാതൊരു ഗുണവും പാർട്ടിക്കുണ്ടാവില്ലെന്നാണ് എൽ.ജെ.ഡി നേതാക്കളുടെ അഭിപ്രായം.നേരത്തെ നിരവധി തവണ ലയനക്കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനവും കൂടുതൽ ഭാരവാഹികളും തങ്ങൾക്ക് വേണമെന്ന ലോക് താന്ത്രിക് ദളിന്റെ കടുംപിടിത്തമാണ് ലയനത്തിൽ നിന്നു പിന്നോട്ട് പോകാൻ കാരണമെന്നു ജനതാദൾ എസ് നേതൃത്വം പറയുന്നു.തിരഞ്ഞെടുപ്പിന് മുൻപ് ലയിക്കണമെന്ന സി.പി.എം നിർദേശം അവഗണിച്ചാണ്
എൽ.ജെ.ഡി മത്സരരംഗത്തിറങ്ങിയത്. നാലിടത്ത് മത്സരിച്ച ജെ.ഡി.എസ് രണ്ടിടത്ത് ജയിച്ചു. കൂത്തുപറമ്പിൽ മാത്രമാണ് എൽ.ജെ.ഡി ജയിച്ചത്. സിറ്റിംഗ് സീറ്റുകളായ വടകരയിലും കൽപ്പറ്റയിലും വാശി പിടിച്ച് മത്സരിച്ചിട്ടും പരാജയപ്പെട്ടു. രണ്ട് എം.എൽ.എമാരുള്ള ജെ.ഡി.എസിന് മന്ത്രിസ്ഥാനം ഉറപ്പാണ്.