ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ലാപ്‌ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ 2 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആറളംഫാം പത്താം ബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കൽ ഹൗസിൽ ദീപു (31), തലശ്ശേരി ടെമ്പിൾ ഗേറ്റിലെ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരാണ് അറസ്റ്റിലായത്. പഴയ പാലം റോഡിലെ ആൾ തമാസമില്ലാത വീട്ടിൽ നിന്നും തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഇവരെ പിടികൂടിയത്. മോഷണം പോയ 26 ലാപ്ടോപ്പുകളിൽ 24 എണ്ണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ലാപ്ടോപ്പ് വാങ്ങി വിൽപ്പന നടത്തിക്കൊടുക്കാൻ ഏറ്റവരും കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നവരേയുമാണ് ഇനി പിടികിട്ടാനുള്ളത്. ഇതേ സ്‌കൂളിൽ നിന്നും കഴിഞ്ഞ വർഷവും രണ്ട് ലാപ്ടോപ്പുകൾ മോഷണം പോയിരുന്നു. അന്ന് പിടികൂടിയ മോഷ്ടാക്കൾ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയത്. കഴിഞ്ഞ വർഷം മോഷണത്തിന് നേതൃത്വം നൽകിയ ദീപുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പടിയിലാകുന്നത്. പേരാവൂരിലെ മോഷണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ദീപു ശിക്ഷാ കാലാവധി കഴിഞ്ഞ് മാർച്ച് 22ന് ജയിൽ മോചിതനായിരുന്നു. ജയിൽ വച്ച് ഇയാൾ സഹ തടവുകാരോട് ലാപ്ടോപ്പ് വിൽക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് പിടിവള്ളിയാക്കി നടത്തിയ അന്വേഷണമാണ് എളുപ്പത്തിൽ പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.
കഴിഞ്ഞ വർഷം മോഷണ പങ്കാളിയായ മനോജിനേയും കൂട്ടി ദീപു മേയ് നാലിന് രാത്രി എട്ടു മണിയോടെയാണ് സ്‌കൂളിൽ എത്തിയത്. സ്‌കൂളിന്റെ പ്രധാന ഗേറ്റിന്റെ പൂട്ട് തകർത്താണ് അകത്തു കയറിയത്. വിജനമായ പ്രദേശമായതിനാൽ കാര്യങ്ങൾ എളുപ്പമായി. ഇരിക്കൂറിൽ നിന്നും വിളിച്ച ഗുഡ്സ് ഓട്ടോറിക്ഷയിലാണ് ലാപ്ടോപ്പ് കടത്തിക്കൊണ്ടു പോയത്. ചക്കരക്കല്ലിലെ ഒരു വ്യക്തിയേയാണ് ഇത് വിൽപ്പന നടത്താൻ ഏൽപ്പിച്ചത്. ഇയാളിൽ നിന്നും പൊലീസിന് മോഷണ വിവരം ലഭിച്ചു.
മോഷണത്തിന് പ്രേരിപ്പിച്ചത് ഓട്ടോറിക്ഷ ഡ്രൈവറാണെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടിച്ച ലാപ്ടോപ്പുകളിൽ രണ്ടെണ്ണം മറ്റൊരു വ്യക്തിയുടെ നിയന്ത്രത്തിലാണ് ഉള്ളത്. ഇയാളെയും പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റിലായ ദീപുവിന് ജില്ലയ്ക്ക് അകത്തും പുറത്തുമായി 20 ൽ അധികം കേസുകളുണ്ട്. മനോജിന്റെ പേരിൽ നാലു കേസുകളും ഉണ്ട്. പ്രതികളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.