bunduuu
വിദഗ്ദ്ധ സംഘം ബണ്ട് പ്രദേശം സന്ദർശിച്ചപ്പോൾ

മാഹി: തലശ്ശേരി -മാഹി ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മാഹി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച ബണ്ടുകൾ മഴയ്ക്ക് മുമ്പ് പൊളിച്ചു മാറ്റിയില്ലെങ്കിൽ ഇരുകരകളിലുള്ള ചൊക്ലി, അഴിയൂർ പഞ്ചായത്തുകളിലെ നിരവധി വീടുകൾ വെള്ളത്തിലാകും. പുഴയ്ക്ക് കുറുകെയുള്ള പാലം പ്രവൃത്തിയുടെ ഭാഗമായാണ് ഇ.കെ.കെ കമ്പനി ബണ്ടുകൾ നിർമ്മിച്ചത്. കഴിഞ്ഞവർഷം ഇരുഭാഗങ്ങളിലുമുള്ള നിരവധി വീട്ടുകാരെ വെള്ളപ്പൊക്കത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വരികയും, വൻ കൃഷി നാശമുണ്ടാകുകയും ചെയ്തിരുന്നു.
ഇത്തവണയും ഇതാവർത്തിക്കപ്പെടുമെന്ന് കാണിച്ച് പഞ്ചായത്ത് -റവന്യൂ അധികൃ‌തർ ജില്ലാ ഭരണക്കൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു. അഴിയൂരിനെ കൂടാതെ ഏറാമല, എടച്ചേരി, ന്യൂമാഹി, ചൊക്ലി എന്നീ പ്രദേശങ്ങളെ തീരാ ദുഃഖത്തിലാക്കിയ മഹാപ്രളയത്തിന്റെ മുഖ്യകാരണമായിരുന്നു പുഴയിലെ പുതുതായി നിർമ്മിച്ച ബണ്ട്. തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ബണ്ട് പൊളിച്ചുമാറ്റിയിരുന്നുവെങ്കിലും, പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിന് വാഹന ഗതാഗതത്തിനായി പുഴയിൽ വീണ്ടും താൽക്കാലിക റോഡും ബണ്ടും നിർമ്മിച്ചു. 126 മീറ്റർ നീളത്തിൽ പുഴ നികത്തി.

42 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും ഒരു ഇരുമ്പു പാലവും എട്ടര മീറ്റർ വീതിയിൽ മറ്റൊരു ഇരുമ്പുപാലവും, നിർമ്മിച്ചിട്ടുണ്ടെങ്കിലും സുഗമമായ വെള്ളം ഒഴുക്കിന് ഇതൊന്നും പര്യാപ്തമല്ല.

നീരൊഴുക്ക് 50 മീറ്ററിൽ

പുഴയുടെ ആകെ വീതി 176 മീറ്ററിൽ 50 മീറ്ററിൽ മാത്രമാണ് നിലവിൽ വെള്ളം ഒഴുകുന്നത്.

റിപ്പോർട്ടിൽ നടപടി കാത്ത്

പുഴ നികത്തിയതു മൂലമുള്ള പ്രശ്നം വില്ലേജ് ഓഫീസർ റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്. തഹസിൽദാർ എൻ. മോഹനൻ,​ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, ഭൂരേഖ തഹസിൽദാർ കെ.കെ പ്രസിൽ, വില്ലേജ് ഓഫീസർ ടി.പി റെനീഷ് കുമാർ,​ ഇ.കെ.കെ കമ്പനി മാനേജർ ടി.സുരേഷ് തുടങ്ങിയവർ ബണ്ട് പ്രദേശം സന്ദർശിച്ചിരുന്നു.