കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഓക്സിജൻ പ്ലാന്റിനുള്ള നടപടികൾ ത്വരിതഗതിയിലാക്കും. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി.പി.സി തയ്യാറാക്കിയ പദ്ധതി ചർച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു. യോഗത്തിൽ 7.5ലക്ഷം രൂപയുടെ വാട്ടർ കണക്ഷൻ എസ്റ്റിമേറ്റ് അംഗീകരിച്ചു.

കൊവിഡ് പ്രതിരോധത്തിന് 2000 ഓക്സിമീറ്റർ വാങ്ങും. ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കും

ആർദ്രം ബിൽഡിംഗ് കൊവിഡ് വാർഡാക്കി മാറ്റാൻ 8.5 ലക്ഷം രൂപയുടെ ഓക്സിജൻ സെക്ഷൻ ലൈൻ സ്ഥാപിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ. ശകുന്തള, ഗീതാ കൃഷ്ണൻ, സരിത എസ്.എൽ, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ പങ്കെടുത്തു.