തലശ്ശേരി: ആദ്യകാലത്ത് നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം തീർത്ത അതുല്യ ഫോട്ടോഗ്രാഫറായിരുന്നു ആർ.കെ. കൃഷ്ണരാജ്. കോഴിക്കോട് മുതൽ തലശ്ശേരി വരെ നീളുന്ന പ്രധാന നഗരങ്ങളിലെല്ലാം സ്റ്റുഡിയോകൾ സ്ഥാപിച്ച കൃഷ്ണരാജിന്റെ കുടുംബമാകെ കാമറയെ നെഞ്ചോടുചേർത്തവരാണ്. ഫോട്ടോഗ്രാഫി നാട്ടിൽ അത്രപ്രചാരം നേടാതിരുന്ന കാലത്ത് കഴുത്തിൽ കാമറയും പിന്നീട് വീഡിയോവുമെടുത്ത് ഉത്തരമലബാറിലാകെ നിറഞ്ഞു നിന്ന കൃഷ്ണരാജിന് നൂറുകണക്കിന് ശിഷ്യരുണ്ട്. ഇവരിൽ മിക്കവരും ദേശത്തും വിദേശങ്ങളിലും സ്റ്റുഡിയോകൾ നടത്തി വരികയാണ്. ഒട്ടേറെ പേർ ഫ്രീലാൻസുകാരുമായുമുണ്ട്.
വിദ്യാർത്ഥിയായിരിക്കെ തന്നെ ഫോട്ടോഗ്രാഫിയിൽ കമ്പം കയറിയ കൃഷ്ണരാജ്, അഗ്ഫാ കാമറയിൽ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്താണ് ഫോട്ടോഗ്രാഫിയിൽ ഹരിശ്രീകുറിച്ചത്.
സ്വന്തം കഴിവും പ്രയത്നവും മാത്രം കൈമുതലാക്കി ആറര പതിറ്റാണ്ടുകൾക്ക് മുമ്പ് വൺ മിനിറ്റ് ഫോട്ടോഗ്രാഫിയിലൂടെ തുടക്കം കുറിച്ച കൃഷ്ണരാജ് കോഴിക്കോട് മിഠായിത്തെരുവിലെ ആദ്യകാല സ്റ്റുഡിയോ ആയ നാഷണൽ സ്റ്റുഡിയോവിൽ ഫോട്ടോഗ്രാഫറായി ചേർന്നു. അവിടുത്തെ ഡാർക്ക് റൂം വർക്കിലും മുഖ്യ സഹകാരിയായി. പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ.വി ശശി ഈ സ്റ്റുഡിയോവിലെ ഡാർക്ക് റൂമിൽ വെച്ചാണ് കൃഷ്ണരാജിന്റെ ശിക്ഷണത്തിൽ ഡാർക്ക് റൂം വർക്കുകൾ വശത്താക്കിയത്. ചിത്രകാരൻ കൂടിയായ ഐ.വി ശശിക്ക് ഫോട്ടോഗ്രാഫിയിൽ അവഗാഹമുണ്ടാക്കുന്നതിൽ കൃഷ്ണരാജ് മുഖ്യപങ്കു വഹിച്ചു.
നാഷണൽ സ്റ്റുഡിയോവിലെ സീനിയർ ഫോട്ടോഗ്രാഫറായി ജോലിനോക്കുന്ന കാലത്താണ് കൃഷ്ണരാജ് ദുബായിയിലെ അപ്പോളോ കളർ ലാബിന്റെ ചുമതലക്കാരനായത്. മടങ്ങിയെത്തിയതിനു ശേഷം വടകരയിൽ സ്വന്തമായി ആർ.കെ സ്റ്റുഡിയോ എന്ന സ്ഥാപനം തുടങ്ങി. ഒപ്പം വീഡിയോഗ്രാഫിക്കായി കുറെയേറെ യൂണിറ്റുകളും.
മക്കൾ അഭ്യസ്തവിദ്യരാണെങ്കിലും, അവരെല്ലാം പിതാവിന്റെ പാത തന്നെ പിന്തുടർന്നു. തലശ്ശേരി, കോഴിക്കോട്, കൊയിലാണ്ടി, വടകര, അഴിയൂർ പ്രദേശങ്ങളിൽ സ്റ്റുഡിയോകൾ നടത്തി വരുന്നു . കൃഷ്ണരാജിന്റെ ഒട്ടേറെ ബന്ധുക്കൾക്കും നാട്ടിലും ഗൾഫുനാടുകളിലും സ്റ്റുഡിയോകളുണ്ട്. ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട ഈ പ്രതിഭ മരണം വരെയും തന്റെ സ്റ്റുഡിയോവിലെത്തുമായിരുന്നു.