ചെറുപുഴ: വീടിനോട് ചേർന്ന് മാലിന്യക്കുഴിയെടുക്കുമ്പോൾ ഗർത്തം രൂപപ്പെട്ടു. പെരിങ്ങോം പൊന്നമ്പാറയിലെ പാവൂർ ശ്രീധരന്റെ വീടിനോട് ചേർന്നാണ് 20 അടിയിലേറെ ആഴമുള്ള ഗർത്തം കണ്ടെത്തിയത്.
മലിനജലം ഒഴുക്കിക്കളയാൻ കഴിഞ്ഞ ദിവസം കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞാണ് വലിയ ഗർത്തം ഉണ്ടായത്. കുഴിയെടുത്തുകൊണ്ടിരുന്ന പൊന്നമ്പാറ സ്വദേശികളായ സുഭാഷും അഖിലും മണ്ണിനടിയിൽപെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഗർത്തത്തിന്റെ എല്ലാഭാഗത്തേക്കും വലിയ ഗുഹയുടെ രൂപത്തിൽ വിസ്താരവുമുണ്ട്. വീട്ടിൽ നിന്നും രണ്ട് മീറ്റർ മാത്രം അകലെയാണ് ഗർത്തം ഉള്ളത്. ഇതോടെ വീട്ടുകാർ ആശങ്കയിലായി. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നല്കി. വായു സഞ്ചാരമില്ലാത്ത ഗുഹയായതിനാൽ ഉള്ളിലേക്കിറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്.