നീലേശ്വരം: നഗരത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ തടയിടാൻ നഗരസഭ ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച സി.സി. ടി.വി കാമറ മിഴിചിമ്മിയിട്ട് വർഷങ്ങൾ കടന്നുപോകുന്നു. കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ നഗരസഭ അധികൃതർ മെനക്കെടാത്തതിൽ ഇപ്പോൾ പ്രതിഷേധം പുകയുകയാണ്. കെ.പി ജയരാജൻ നേതൃത്വം നല്കിയ ഭരണസമിതിയാണ് നഗരത്തിൽ കാമറകൾ സ്ഥാപിച്ചത്. 15.6 ലക്ഷം രൂപയായിരുന്നു നഗരസഭ ഫണ്ടിൽ നിന്ന് ഇതിനായി ചെലവഴിച്ചത്.
കണ്ണൂർ ഗ്ലോബൽ നെറ്റ് വർക്ക് ഐ.ടി സോലൂഷൻസ് കമ്പനിക്കായിരുന്നു നിർമ്മാണ കരാർ നല്കിയത്. കാമറകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ നഗരത്തിൽ മോഷ്ടാക്കൾക്കും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താനും ഭീഷണിയായിരുന്നു. പൊതുജനത്തിന് ഏറെ ആശ്വാസകരമായ നടപടിയുമായി. എന്നാൽ കാമറകൾ കണ്ണടച്ചതോടെ
നഗരത്തിൽ കവർച്ചകളെ കുറിച്ചും സാമൂഹിക ദ്രോഹ പ്രവർത്തനത്തിലും വ്യാപാരികൾക്ക് ഉൾപ്പെടെ ഭീതിയുമായി.
മുഴുവൻ കാമറകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ നഗരസഭ ഓഫീസിലെ കമ്പ്യൂട്ടർ മോണിറ്ററിൽ കാണാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനമാണ് സ്ഥാപിച്ചത്.
15 കാമറകൾ
നീലേശ്വരം പാലത്തിനു സമീപം മുതൽ കൺവെന്റ് വരെ.
നഗരസഭയ്ക്ക് പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ, അധികാരത്തിൽ വന്ന് മാസങ്ങൾ കഴിയുമ്പോഴും കാമറകളുടെ കാര്യത്തിൽ യാതൊരു നടപടിയുമില്ലാത്തതാണ് പ്രതിഷേധം പുകയാൻ കാരണം. തകരാർ പരിഹരിച്ച് കാമറകൾ പ്രവർത്തന ക്ഷമമാക്കുകയോ മാറ്റിസ്ഥാപിക്കുകയോ വേണമെന്നാണ് ആവശ്യം.