കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അലഞ്ഞുതിരിയുന്നവരെയും യാചകരെയും പുനരധിവസിപ്പി ക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചു. ഇതിനായി മേയർ അഡ്വ. ടി .ഒ . മോഹനന്റെ നേതൃത്വത്തിൽ പൊലീസുമായി ചേർന്ന് ടൗണിൽ നടത്തിയ പരിശോധനയിൽ ഒമ്പതോളം പേരെ കണ്ടെത്തുകയും അവരെ ആംബുലൻസിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനായി കണ്ണൂർ താവക്കര യു .പി .സ്കൂളിൽ എത്തിച്ചു.
ടെസ്റ്റിനുശേഷം കണ്ണൂർ ടൗൺ ഹൈസ്കൂളിൽ ഇവർക്കായി സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ഭക്ഷണത്തിനും താമസത്തിനും ആയുള്ള എല്ലാ കാര്യങ്ങളും കോർപ്പറേഷൻ ഏറ്റെടുക്കും. പോസിറ്റീവ് ആയി കണ്ടെത്തിയ ഒരാളെ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. കോർപ്പറേഷൻ കൊവിഡ് ജാഗ്രതാ സമിതി കഴിഞ്ഞ ആഴ്ച യോഗം ചേർന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അലഞ്ഞുതിരിയുന്ന വരിൽ പോസിറ്റീവായവർ ഉണ്ടെങ്കിൽ അവർ മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നത് തടയാൻ ഇതുവഴി കഴിയുമെന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കെ. ഷബീന സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ. മാർട്ടിൻ ജോർജ് , സിയാദ് തങ്ങൾ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ എം.കെ .ദാമോദരൻ, ടൗൺ എസ്.ഐ ഷൈജു എന്നിവർ നേതൃത്വം നൽകി.