ആലക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചിട്ടതോടെ മലയോര മേഖലയിൽ വ്യാജ മദ്യലോബി വ്യാപകമായി നാടൻ ചാരായ നിർമ്മാണം നടത്തുന്നു. എക്‌സൈസ് വകുപ്പിന്റെ റെയ്ഡിൽ നിരവധി വ്യാജമദ്യ വില്പനക്കാരും വാറ്റുകാരും കുടുങ്ങി. വൻ തോതിൽ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവൻ, അഹമ്മദ് കെ, മുരളിദാസ് കെ.ജി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ആലക്കോട് പഞ്ചായത്തിലെ ഫർല്ലോങ്കര, ഒറ്റത്തൈ, കരിങ്കയം, കുണ്ടേരി, പെരുവട്ടം, എന്നിവിടങ്ങളിലും നടുവിൽ പഞ്ചായത്തിലെ താറ്റിയാട്, പോത്തുകുണ്ട്, ഉരത്തൂരിനടുത്തുള്ള പാലേരിത്തട്ട്, വെള്ളാട് പാറേമൊട്ട, പെരുമ്പടവ് തുടങ്ങിയ വ്യാജമദ്യ നിർമ്മാണ മേഖലകളിൽ കഴിഞ്ഞ 10 ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ 1500 ലിറ്റർ വാഷ്, 100 ലിറ്ററോളം വ്യാജ ചാരായം, വൻതോതിൽ വാറ്റുപകരണങ്ങൾ എന്നിവയും പിടികൂടി. ഏഴ് പേർക്കെതിരെ കേസെടുത്തു. ആദിവാസി മേഖലയിലാണ് വ്യാജമദ്യത്തിന്റെ നിർമ്മാണം പ്രധാനമായും നടക്കുന്നത്. ഒരു കുപ്പി നാടൻ ചാരായത്തിന് ഇപ്പോൾ 1000 രൂപ വരെയാണ് വില്പനക്കാർ വാങ്ങുന്നതത്രെ. മലയോരമേഖലയിലെ തൊഴിലില്ലായ്മയും ചാരായ വില്പനയിലേയ്ക്ക് ആളുകളെ കൊണ്ടുചെന്നെത്തിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പറയുന്നു.