കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് ഒരു പാഠവും കോൺഗ്രസ് പഠിച്ചില്ലെന്നതിന്റെ തെളിവാണ് ഡി.വൈ.എഫ്‌.ഐക്കും, സന്നദ്ധ സംഘടനയായ ഐ.ആർ.പി.സിക്കും എതിരായ കെ. സുധാകരൻ എം.പിയുടെ പഴിപറച്ചലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മമ്പറം ദിവാകരൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരന്റെ ശ്രമം. ദിവാകരൻ ഉന്നയിച്ച കാര്യങ്ങൾക്ക് കോൺഗ്രസ് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന മറുപടി സുധാകരനിൽ നിന്നുണ്ടായിട്ടില്ല.
ഡി.സി.സി ഓഫീസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്‌കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടെന്നാണ് ദിവാകരന്റെ ചോദ്യം. ഡി.സി.സി ഓഫീസ് പണി പൂർത്തിയാക്കുകയോ, സ്‌കൂൾ വാങ്ങുകയോ ചെയ്തിട്ടില്ല. ഡി.സി.സി എക്സിക്യൂട്ടീവ് അംഗമായ ഒട്ടോറിക്ഷ തൊഴിലാളി പുഷ്പരാജിന്റെ കാല് തല്ലിയൊടിക്കാനും ഓട്ടോ കത്തിക്കാനും നേതൃത്വം നൽകിയത് സുധാകരനാണെന്നും ദിവാകരൻ പറഞ്ഞിട്ടുണ്ട്. ഇതിനൊന്നും മറുപടി നൽകാൻ സുധാകരന് കഴിഞ്ഞിട്ടില്ല. സ്വന്തം കാലിലെ മന്ത് മറച്ചുപിടിക്കാൻ മന്തില്ലാവരെ കുറ്റപ്പെടുത്തുന്ന സുധാകരന്റെ നിലപാട് പരിഹാസ്യമാണെന്നും ജയരാജൻ പറഞ്ഞു.