തലശ്ശേരി: കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുതന്നെ കച്ചവടം ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് വ്യാപാരി സംഘടനകൾ അധികൃതരെ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്തി. അതേസമയം വിദേശ കുത്തക ഓൺലൈൻ കമ്പനികൾ ഉപ്പുതൊട്ട് കർപൂരം വരെ ഓർഡറുകൾ സ്വീകരിച്ച് അന്യസംസ്ഥാനത്ത് നിന്നും ജില്ലയിൽ നിന്നും യാതൊരു മാനദണ്ഡവും ഇല്ലാതെ കൊണ്ടുവന്ന് വീടുകളിലും മറ്റും എത്തിച്ച് കൊടുക്കുകയാണ്.
മാനദണ്ഡങ്ങളേയും പകർച്ചവ്യാധി ആക്ടിനെ പോലും വെല്ലുവിളിച്ചു നടത്തുന്ന ഇത്തരത്തിലുള്ള വ്യാപാരത്തിന് പൊലീസിന്റെ പരിശോധനകളിൽ പോലും ഇളവ് അനുവദിക്കുകയാണ്. സർക്കാരിന്റെ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുന്ന കച്ചവടക്കാരുടെ മനോവികാരത്തെ ചോദ്യം ചെയ്യുന്നതിനും അവരെ ആക്ഷേപിക്കുന്നതിനും തുല്യമായിരിക്കും ഇതെന്നും ബോധിപ്പിച്ചു കൊണ്ടും ഇത് നിർത്തലാക്കണം എന്ന് അവശ്യപ്പെട്ടു കൊണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജവാദ് അഹ്മദ്, ജനറൽ സെക്രട്ടറി പി.കെ. നിസാർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ടി. ഇസ്മായിൽ, കിലാബ് എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരി എ.എസ്.പിക്കും നിയുക്ത എം.എൽ.എ. എ.എൻ ഷംസീറിനും ജില്ലയിലെ വ്യാപാരി നേതാക്കൾക്കും നിവേദനം നൽകി.