നീലേശ്വരം: നാട്ടുകാരുടെ വഴിമുട്ടിച്ച് റെയിൽവേ അധികൃതർ. നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് തട്ടാച്ചേരി ഭാഗത്തേക്കുള്ള വഴിയാണ് റെയിൽവേ അടച്ചത്. ഇത് മൂലം ദുരിതമനുഭവിക്കുന്നത് 25 ഓളം കുടുംബങ്ങളാണ്.

റെയിൽ പാളത്തിന് ഉപയോഗിക്കുന്ന സ്ലീപ്പറുകൾ കൊണ്ടുവന്ന് ഈ വഴിയിൽ അട്ടിവച്ചിരിക്കുകയാണ്. ഇത് നാട്ടുകാർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന വഴി കൂടിയാണ്.

മിക്ക വീടുകളിലെ മുന്നിലും സ്ലീപ്പറുകൾ അട്ടിവച്ചതിനാൽ വഴി ഇപ്പോൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നാട്ടുകാർ എതിർപ്പുമായി റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും റെയിൽവേയുടെ സ്ഥലമാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്ന മറുപടിയാണ് നാട്ടുകാർക്ക് കിട്ടിയത്.

കൊവിഡ് കാലമായതിനാൽ രോഗികളെയും കൊണ്ട് എളുപ്പത്തിൽ എത്താൻ പറ്റിയ വഴിയാണ് റെയിൽവേ മുടക്കിയിരിക്കുന്നത്. ഇപ്പോൾ വളരെ ചുറ്റിവേണം ഇവിടങ്ങളിലുള്ളവർക്ക് ആശുപത്രിയിലും മറ്റും എത്താനെന്നും ഇവർ പറയുന്നു.