shukkoor-
ഷുക്കൂർ ഉടുമ്പുന്തല

കാസർകോട്: 'ഭയന്നിടേണ്ട നമ്മളിന്ന് കരുതലാവുക, അകത്തിരുന്ന് ദൂരെ ദൂരെ മാറി നിൽക്കുക..' മലയാളികൾക്കിടയിലും പ്രവാസലോകത്തും പ്രശസ്തനായ ന്യുജെൻ മാപ്പിളപാട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലയുടെ ഈ ഇശലുകൾ ഇന്ന് മലയാളക്കര താളത്തിൽ ഏറ്റുപാടുകയാണ്.

കൊവിഡിന്റെ ഒന്നാം തരംഗത്തിലാണ് ഷുക്കൂർ ഗാനമെഴുതിയത്. രണ്ടാംതരംഗം ആഞ്ഞടിക്കുന്ന വേളയിലാണ് ഈ പാട്ട് തരംഗമാകുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർക്കും പൊലീസിനും സർക്കാരിനും അതിജീവനത്തിന്റെ കരുത്തുപകരുകയാണ് പാട്ടിലൂടെ ഷുക്കൂർ. മാപ്പിളപ്പാട്ട് ഗായകനായ നിസാം തളിപ്പറമ്പും ഭാര്യ മെഹറുന്നീസ നിസാം, മകൻ സിഫ്രാൻ നിസാം എന്നിവരാണ് ഈ ആൽബത്തിൽ പാടി അഭിനയിക്കുന്നത്. ലോക്ക്ഡൗണിൽ പൂർണമായും മൊബൈലിൽ ചിത്രീകരിച്ചാണ് പാട്ടിന്റെ ദൃശ്യാവിഷ്‌കാരം.

1990 കളിൽ നാട്ടിൽ ചിത്രകാരനായിരുന്ന ഷുക്കൂറിനെ പ്രവാസ ജീവിതമാണ് മികച്ച ഗാനരചയിതാവാക്കിയത്. ചെറുപ്പം മുതൽ തന്നെ മോയിൻകുട്ടി വൈദ്യരുടെ വലിയൊരു ആരാധകനായിരുന്നു. ദുബായിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്നതിനിടെ ഗായകൻ റൗഫ് തളിപ്പറമ്പിനെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. 1996 ൽ അദ്ദേഹത്തിന് വേണ്ടി കല്യാണ ചിന്തുകൾ എന്ന ഗാനം എഴുതി. റൗഫും സിബല്ലാ സദാനന്ദനുമാണ് ആ ഗാനം ആലപിച്ചത്. ചുരുങ്ങിയ നാളിനുള്ളിൽ തന്നെ പാട്ട് ഹിറ്റായതോടെ പിന്നീട് കൂടുതൽ അവസരങ്ങൾ റൗഫ് ഷുക്കൂറിന് നൽകി. മാപ്പിളപ്പാട്ടിൽ തനിമയുടെ സുഗന്ധം പരത്തിയ വട്ടത്തിൽ പങ്ക തിരിച്ച്, തൊട്ട് തൊട്ട് മാടിവിളിക്കുമ്പോൾ, എന്തോയെന്തോ ഉള്ളിലോരെന്തോ തുടങ്ങിയ ഗാനങ്ങൾ ദശലക്ഷം ആളുകൾ കണ്ടു കഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ 24 വർഷത്തിനിടയിൽ 128 ഓളം പാട്ടുകൾ ഷുക്കൂർ എഴുതി പുറത്തിറക്കി. ചരിത്രം, പ്രണയം, ഭക്തി തുടങ്ങിയവയാണ് ഏറെയും. ഏതാനും ഓണപ്പാട്ടുകളും ഗസലും എഴുതിയിട്ടുണ്ട്. പുറത്തിറങ്ങാൻ പോകുന്ന ഒരു മലയാള സിനിമയ്ക്ക് വേണ്ടിയും പാട്ടുകളെഴുതി. എം.ജി ശ്രീകുമാർ, സിത്താര, ജ്യോത്സ്ന, ശ്രേയ, കണ്ണൂർ ഷെരീഫ്, രഹ്ന തുടങ്ങി നാൽപതോളം ഗായകർ ഷുക്കൂറിന്റെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗൾഫിലും നാട്ടിലും നിരവധി ഗായകരെ പങ്കെടുപ്പിച്ച് സ്റ്റേജ് ഷോകൾ നടത്തിവരികയാണ് ഷുക്കൂർ. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാഡമിയുടെ സാംസ്‌കാരിക പരിപാടിയുടെ കോ ഓഡിനേറ്റർ ആയിരുന്നു. ഭാര്യ ഫൗസിയ, മക്കളായ ഫാത്തിമ, ഫിദ, മുഹമ്മദ് എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.