തലശ്ശേരി: ആറു പതിറ്റാണ്ട് മുമ്പ് കൂത്തുപറമ്പുകാരുടെ നാവിൻതുമ്പത്ത് കൂടുകൂട്ടിയ രസക്കൂട്ടിന് വിരാമം. കൈപുണ്യത്തിന്റെ ഗൃഹാതുരത്വമാർന്ന രസക്കൂട്ടൊരുക്കിയ കൂത്തുപറമ്പിലെ ദേവുഅമ്മ ഇനി ഓർമ്മമാത്രം.
സർക്കാർ ആശുപത്രിക്ക് മുന്നിലെ ചെറുറോഡിൽ, ആദ്യ വളവിലുള്ള 'തിണ്ടത്ത് ' ആറ് പതിറ്റാണ്ട് മുമ്പ് പണിത 'അമ്മാസ് ' ഭക്ഷണശാലയ്ക്ക് അന്നും ഇന്നും യാതൊരു മാറ്റവുമില്ല; ആതിഥ്യത്തിലും അഭിരുചിയിലും. ഇവിടുത്തെ പാചകക്കാരിയും വിളമ്പുകാരിയും കാഷ്യറുമൊക്കെയായിരുന്ന ദേവു അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചിയറിയാത്ത ഒരു കൂത്തുപറമ്പുകാരൻ പോലുമുണ്ടാകില്ല. നാടൻ രുചിക്കൂട്ടുകളിൽ തയ്യാറാക്കപ്പെടുന്ന, തനി നാടൻ വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ മാത്രമായി വിദൂരങ്ങളിൽ നിന്നു പോലും ഭക്ഷണപ്രിയർ ഇവിടെ വാഹനങ്ങളിൽ വന്നെത്തുമായിരുന്നു. പഴയ സിനിമകളിലെ ചായക്കടയുടെ പരിച്ഛേദം പോലെ തോന്നിക്കും നാട്ടുമ്പുറത്തെ ഈ ഹോട്ടൽ കണ്ടാൽ.
യന്ത്രങ്ങളുടെ ശബ്ദഘോഷങ്ങൾക്ക് പകരം അരവിന്റെയും ഉരലിടിയുടെയും താളാത്മകതയാണ് ദേവു അമ്മയുടെ ഭക്ഷണശാലയ്ക്ക് പ്രചുരപ്രചാരം നേടിക്കൊടുത്തത്. മാറിയ കാലത്തും മാറാത്ത രീതികളുമായി മരണം വരെ, ഈ ഹോട്ടലിന്റെ സ്‌നേഹ സൗമനസ്യങ്ങളുടെ രുചിതാളമായി ഈ അമ്മനിലകൊണ്ടു. ജീവനക്കാരെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുകയും മോനേ എന്ന് ഹൃദയപൂർവം വിളിക്കുകയും ചെയ്യുന്ന ദേവുഅമ്മ ഒരു ദേശത്തിന്റെ തന്നെ സ്‌നേഹനിധിയായ അമ്മയായി മാറുകയായിരുന്നു. ഹോട്ടൽ തന്നെയാണ് അവർക്ക് വീടും. നേരം പുലരും മുമ്പ് കടയിലെത്തുന്ന അവർക്ക് മക്കളും, മരുമക്കളുമാണ് കൂട്ട്. കാലമെത്ര കഴിഞ്ഞാലും നിഷ്‌കളങ്കമായ ആ ചിരിയും കൈപുണ്യത്തിന്റെ മായികമായ രുചിഭേദങ്ങളും ഇന്നോളം ഇവിടെയെത്തിയ ആയിരങ്ങളുടെ മനസ്സിൽ നിന്ന് മായില്ല തന്നെ.